ആലംതുരുത്തിയില്‍ നിന്ന് മക്കള്‍ക്കൊപ്പം കാണാതായ യുവതിയുടെ ഭർത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കവിയൂർ ഞാലിക്കണ്ടം മാറമല വീട്ടില്‍ അനീഷ് മാത്യു (32) വിനെയാണ് ഞാലിക്കണ്ടത്തെ കുടുംബവീട്ടില്‍ ഇന്നലെ വൈകിട്ട് നാലരയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഓഗസ്റ്റ് 1 നാണ് അനീഷിന്റെ ഭാര്യ റീന(40)യെയും മക്കളായ അക്ഷര(8), അല്‍ക്ക എന്നിവരെയും കാണാതായത്. ഇവരെ കാണാതായി രണ്ടാഴ്ച തികയുന്നതിനിടെയാണ് അനീഷ് മാത്യുവിന്റെ ആത്മഹത്യ.
യുവതിയുടെയും മക്കളുടെയും തിരോധാനത്തിന് പിന്നാലെ പൊലീസില്‍നിന്നുള്ള മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തിരോധാനത്തില്‍ അനീഷിനെ പോലീസ് ചോദ്യം ചെയ്യലിനായി ദിവസവും വിളിപ്പിച്ചിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു. റീനയെയും കുട്ടികളെയും കാണാതായിട്ടും രണ്ടുദിവസം കഴിഞ്ഞാണ് അനീഷ് തങ്ങളെ വിവരമറിയിച്ചതെന്ന് റീനയുടെ കുടുംബം ആരോപിച്ചിരുന്നു. റീനയുടെ സഹോദരനാണ് പുളിക്കീഴ് പോലീസില്‍ കാണിനില്ലെന്ന് പരാതി നല്‍കിയത്.
അനീഷും റീനയും തമ്മില്‍ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.അതേസമയം, റീനയെ കാണാതായ സംഭവത്തില്‍ പൊലീസ് പ്രത്യേക സംഘത്തെ ഉള്‍പ്പെടെ നിയോഗിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. റീന മക്കള്‍ക്കൊപ്പം ബസില്‍ യാത്രചെയ്യുന്നതിന്റെയും റോഡിലൂടെ നടന്നുപോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ഇതിനിടെ കണ്ടെത്തിയിരുന്നു.

















