കൊച്ചി കോർപ്പറേഷൻ മുൻ കൗണ്‍സിലർ ഗ്രേസി ജോസഫിനെ മകൻ കുത്തി പരിക്കേല്‍പ്പിച്ചു. കലൂരിലെ കടയില്‍ എത്തിയാണ് മകൻ ഗ്രേസിയെ കുത്തിയത്. ശരീരത്തില്‍ മൂന്ന് കുത്തേറ്റ ഗ്രേസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ആക്രമണത്തിന് ശേഷം മകൻ ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി.
ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. കലൂരില്‍ ഗ്രേസി ജോസഫ് ഒരു കട നടത്തിവരുന്നുണ്ട്. അവിടെയെത്തിയ മകൻ ഗ്രേസിയുമായി വാക്കുതർക്കമുണ്ടാവുകയും തർക്കത്തിനൊടുവില്‍ കത്തി കൊണ്ട് കുത്തുകയുമായിരുന്നു. സംഭവത്തിന് ശേഷം മകൻ ഓടിരക്ഷപ്പെട്ടു.
ആക്രമണത്തില്‍ പരിക്കേറ്റ ഗ്രേസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്രേസിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഗ്രേസി പരാതി നല്‍കിയിട്ടില്ലെങ്കിലും നോർത്ത് പൊലീസ് സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്. ഗ്രേസിയുടെ മകൻ ലഹരിക്കടിമയാണെന്ന് പൊലീസ് പറയുന്നു.

















