“അങ്ങനെ പവനായി ശവമായി” എന്ന പ്രശസ്ത മലയാള സിനിമ ഡയലോഗ് പോലെയാണ് നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ഇപ്പോഴത്തെ സ്ഥിതി. സർക്കാരിൻ്റെയും സിപിഎമ്മിൻ്റേയും അടിവേര് ഇളക്കുമെന്ന പ്രതീതി സൃഷ്ടിക്കുകയും ഒടുക്കം മുഖ്യമന്ത്രിക്ക് മുന്നില്‍ നിരുപാധികം കീഴടങ്ങുകയും ചെയ്ത നിലമ്ബൂർ എംഎല്‍എയുടെ അവസ്ഥയെ ഉപമിക്കാൻ ഇതിലും മികച്ച വാക്കുകളില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനും പോലീസിലെ അദ്ദേഹത്തിൻ്റെ വിശ്വസ്തനുമെതിരെ അതീവ ഗുരുതര ആരോപണങ്ങള്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഉന്നയിച്ച അൻവർ, മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഒരു പരാതിയുമില്ലാത്ത അവസ്ഥയിലായി എന്നതാണ് ശ്രദ്ധേയം.സഖാവെന്ന നിലയില്‍ തൻ്റെ ഉത്തരവാദിത്തം തീർന്നുവെന്നാണ് പുതിയ ന്യായീകരണം.

അൻവറിന്റെ ആരോപണങ്ങൾ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുമ്ബെങ്ങും ഉണ്ടാകാത്തത് പോലെ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ കടുത്ത ആരോപണങ്ങളാണ് ഭരണകക്ഷി എംഎൽഎ ആയ പി വി അൻവർ ഉന്നയിച്ചത്. കൊലപാതകം, സ്വർണക്കടത്ത്, അനധികൃത സ്വത്ത് സമ്ബാദനം തുടങ്ങി അത്യന്തം ഗുരുതരമായ ആക്ഷേപങ്ങളാണ് എഡിജിപി അജിത്ത് കുമാറിനെതിരെ ഉന്നയിച്ചത്. എഡിജിപി ‘നൊട്ടോറിയസ് ക്രിമിനല്‍’ ആണെന്നുപോലും അൻവർ പറഞ്ഞു.

ഒപ്പം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി പരാജയമാണെന്നും അൻവർ ചൂണ്ടിക്കാട്ടി. സുരേഷ് ഗോപിക്ക് വഴി വെട്ടാൻ വേണ്ടി തൃശൂർ പൂരം കലക്കിയത് എഡിജിപി അജിത് കുമാറാണെന്ന് അൻവർ ഫെയ്സ് ബുക്കില്‍ കുറിച്ചിരുന്നു. ബിജെപിക്കു വേണ്ടി എഡിജിപി പൂരം കലക്കിയെന്ന ആരോപണം കൂടി വന്നതോടെ അൻവറിൻ്റെ കുന്തമുന വീണ്ടും മുഖ്യമന്ത്രിയിലേക്കാണ് തിരിഞ്ഞത്. അതിലുപരി മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസ് സേനയെ അധോലോക സേനയായി ചിത്രീകരിക്കുക കൂടി ചെയ്തതോടെ അൻവറിന് സമൂഹമാധ്യമങ്ങളിൽ വീര പരിവേഷമാണ് ലഭിച്ചത്.

മുഖ്യമന്ത്രിയെ കണ്ടിറങ്ങിയതോടെ സമ്പൂർണ്ണ വെടി നിർത്തലും കീഴടങ്ങലും

പിണറായി വിജയനുമായുള്ള ചർച്ചക്ക് പിന്നാലെ പി.വി.അൻവർ എംഎല്‍എ എഡിജിപി എം.ആർ.അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങളില്‍ വെടിനിർത്തല്‍ പ്രഖ്യാപിച്ചു. ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രിക്ക് പരാതി എഴുതി നല്‍കിയിട്ടുണ്ട്. എഡിജിപിക്ക് എതിരെ നടപടി എടുക്കണോ വേണ്ടയോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. എം.ആർ.അജിത്കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

തൻ്റെ പിന്നില്‍ ദൈവമല്ലാതെ മറ്റാരുമില്ല. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും നല്‍കും. ഒരു സഖാവ് എന്ന നിലയിലാണ് ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതോടെ തൻ്റെ ചുമതല അവസാനിച്ചു. തൻ്റെ പരാതിയില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയും പാർട്ടിയും തീരുമാനിക്കുമെന്ന് അൻവർ പറഞ്ഞു. പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെ മാറ്റുമോയെന്ന ചോദ്യത്തില്‍ നിന്നും അൻവർ ഇന്ന് ഒഴിഞ്ഞുമാറി. അതൊന്നും താൻ തീരുമാനിക്കേണ്ട കാര്യമല്ല. അന്വേഷണത്തിനുള്ള സംവിധാനങ്ങള്‍ സർക്കാർ ഒരുക്കുമെന്നാണ് ഒരു സഖാവ് എന്ന നിലയില്‍ വിശ്വസിക്കുന്നത്. എന്ത് നടക്കുമെന്നുള്ളത് കാത്തിരുന്നു കാണാം എന്നും ഇടത് എംഎല്‍എ പറഞ്ഞു.

പവനായി ശവമായി

അൻവറിന്റെ ശരീരഭാഷയിലും പ്രകടമായ ആത്മവിശ്വാസക്കുറവ് ദൃശ്യമാണ്. മുഖ്യമന്ത്രി പിണറായിയുടെ ശക്തമായ താക്കിയത് അൻവറിനെ ഉലച്ചിട്ടുണ്ട് എന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ പൂർണ്ണപിന്തുണ അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, എഡിജിപി എം ആർ അജിത് കുമാർ എന്നിവർക്ക് ഉണ്ട് എന്നും അൻവറിനെ പൂർണമായി തള്ളി എന്നും പുറത്തുവരുന്ന സംഭവവികാസങ്ങൾ തെളിയിക്കുന്നുണ്ട്. എഡിജിപിയുടെ കീഴുദ്യോഗസ്ഥരാണ് അദ്ദേഹത്തിന് എതിരെയുള്ള അന്വേഷണം നടത്തുക. ഇതിൽ ഡിജിപിയും അതൃപ്ത്തനാണ്. പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും പദവിയിൽ തുടരുമെന്ന് ഉറപ്പായി കഴിഞ്ഞു. ജൂനിയർ ഐപിഎസ് ഓഫീസർ ആയ പത്തനംതിട്ട മുൻ എസ് പി സുജിത്ത് ദാസിനും സസ്പെൻഷൻ ഇല്ല. ഇത്രയുമെല്ലാം ആയിട്ടും ഇതേക്കുറിച്ച് ഒന്നും പ്രതികരിക്കുവാൻ ഉള്ള ത്രാണി അൻവറിനുമില്ല. അങ്ങനെ ഒരുപാട് വീരവാദങ്ങൾ മുഴക്കി പ്രഖ്യാപനങ്ങളുമായി രംഗത്തെത്തിയ പി വി അൻവർ കൊമ്പൊടിഞ്ഞു വീഴുമ്പോൾ പവനായി ശവമായി എന്ന ഡയലോഗ് പോലെ തന്നെയാകുന്നു കാര്യങ്ങൾ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക