ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളില്‍ സിപിഎം ഏറ്റവും കൂടുതല്‍ പണം നല്‍കിയത് മുകേഷ് എം.എല്‍.എയ്ക്ക് ആണെന്ന് കണക്കുകള്‍. ഏഴ് തവണകളിലായി 79 ലക്ഷം രൂപയാണ് മുകേഷിന് വേണ്ടി പാർട്ടി ചെലവഴിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന് പാർട്ടി നല്‍കിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 39 ലക്ഷം ലഭിച്ച ആറ്റിങ്ങല്‍ സ്ഥാനാർഥി വി. ജോയ് ആണ് രണ്ടാമത്. അഞ്ചു ലക്ഷം രൂപ മാത്രം ലഭിച്ച ചാലക്കുടി സ്ഥാനാർഥിയും മുൻ മന്ത്രിയുമായ സി രവീന്ദ്രനാഥിനാണ് ഏറ്റവും കുറവ് പണം പാർട്ടി അനുവദിച്ചത്.
കോട്ടയം സ്ഥാനാർഥി തോമസ് ചാഴിക്കാടന് വേണ്ടി കേരളാ കോണ്‍ഗ്രസ് 76.74 ലക്ഷം രൂപയായിരുന്നു നല്‍കിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ടുമണ്ഡലത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കായി പാർട്ടി ചെലവാക്കിയത് 1.40 കോടി രൂപ. വയനാട്ടിലും റായ്ബറേലിയിലും മത്സരിക്കാൻ 70 ലക്ഷം രൂപവീതമാണ് പാർട്ടിഫണ്ടില്‍നിന്ന് രാഹുലിന് നല്‍കിയത്. അമേഠിയില്‍ കിഷോരിലാല്‍ ശർമ, വിരുദുനഗറില്‍ മാണിക്കം ടഗോർ, ഗുല്‍ബർഗയില്‍ രാധാകൃഷ്ണ, അനന്ത്പുർ സാഹിബില്‍ വിജയ് സിംഗ്ല എന്നിവർക്കും ആലപ്പുഴയില്‍ കെ.സി. വേണുഗോപാലിനും മത്സരിക്കാൻ 70 ലക്ഷം രൂപവീതം ലഭിച്ചു.
കേരളത്തിലെ സ്ഥാനാർഥികള്‍ക്കായി കോണ്‍ഗ്രസ് നല്‍കിയ തുക
- രമ്യ ഹരിദാസ് – ആലത്തൂർ – 5 ലക്ഷം
- രാഹുല്‍ ഗാന്ധി – വയനാട് – 70 ലക്ഷം
- ഡീൻ കുര്യാക്കോസ് – ഇടുക്കി – 2 ലക്ഷം
- കെ.സി. വേണു ഗോപാല്‍ – ആലപ്പുഴ – 70 ലക്ഷം
സ്ഥാനാർഥികള്‍ക്കായി സി.പി.എം. നല്‍കിയ തുക
- അഡ്വ. വി. ജോയ് – ആറ്റിങ്ങല്‍ – 39,00,000
- മുകേഷ് – കൊല്ലം – 79,00,000
- എളമരം കരീം – കോഴിക്കോട് – 20,00,000
- കെകെ ഷൈലജ – വടകര – 10,00,000
- കെ.ജെ. ഷൈൻ – എറണാകുളം – 9,52,000
- സി. രവീന്ദ്രനാഥ് – ചാലക്കുടി – 5,00,000
- കെ. രാധാകൃഷ്ണൻ – ആലത്തൂർ – 27,40,000
- എ. വിജയരാഘവൻ – പാലക്കാട് – 35,00,000
- വി. വസീഫ് – മലപ്പുറം – 20,30,000
- ഡോ. തോമസ് ഐസക് – പത്തനംതിട്ട – 19,00,000
- ജോയ്സ് ജോർജ് – ഇടുക്കി – 15,00,000
സി.പി.ഐ. നല്‍കിയത്: ആനി രാജയ്ക്ക് 10 ലക്ഷം രൂപയാണ് പാർട്ടി ഫണ്ടായി നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിരിക്കുന്ന രേഖകള്‍ പ്രകാരം ആനി രാജ ഒഴികെ സിപിഐയുടെ കേരളത്തിലെ മറ്റ് മൂന്നു സ്ഥാനാർഥികള്‍ക്കും പാർട്ടി ഫണ്ടായി തുകയൊന്നും നല്‍കിയിട്ടില്ല
കേരള കോണ്‍ഗ്രസ് നല്‍കിയ തുക: തോമസ് ചാഴിക്കാടൻ – കോട്ടയം -76,74,700
(ഇത്രയും സ്ഥാനാർഥികള്‍ക്ക് ലഭിച്ച ഫണ്ട് വിവരങ്ങളെ ലഭ്യമായിട്ടുള്ളൂ)