ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ അവതാരകയോട് തട്ടിക്കയറിയ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഗുരുതരമായ തെറ്റാണ് ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സതീശന്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു ധര്‍മജന്‍. എന്നാല്‍ ധര്‍മജന്‍ കോണ്‍ഗ്രസ് അംഗമല്ലെന്നും സതീശന്‍ പറഞ്ഞു.

“മാധ്യമപ്രവര്‍ത്തകയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ച നടപടി അംഗീകരിക്കാന്‍ കഴിയില്ല. നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക് നീതി ഉറപ്പാക്കുന്ന കാര്യങ്ങളില്‍ പ്രതിപക്ഷവും മാധ്യമങ്ങളുമൊക്കെ ഒരേ ജോലിയാണ് ചെയ്യുന്നത്. അതിനു വേണ്ടിയാണ് എല്ലാവരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അവരെ അപമാനിച്ച്‌ സംസാരിച്ചത് ഗുരുതരമായ തെറ്റാണ്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടെങ്കില്‍ അത് പറയുക, ഇല്ലെങ്കില്‍ മിണ്ടാതിരിക്കുകയാണ് വേണ്ടത്” സതീശന്‍ പറഞ്ഞു. സിപിഎമ്മിനെപ്പോലെ തെറ്റിനെ ന്യായീകരിക്കുന്നില്ല. തെറ്റുകള്‍ ചെയ്യുന്നവരെ തള്ളിപ്പറയും. തന്റെ മണ്ഡലത്തിലാണ് ധര്‍മജന്‍ താമസിക്കുന്നത്. ഇക്കാര്യമറിഞ്ഞതിനു ശേഷം ധര്‍മജനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക