കോയമ്ബത്തൂർ മേഖലയില്‍ കോളജ് വിദ്യാർഥികള്‍ താമസിക്കുന്ന മുറികളിലും പതിവായി സന്ദർശിക്കുന്ന കേന്ദ്രങ്ങളിലും മറ്റും പൊലീസ് മിന്നല്‍ പരിശോധന നടത്തി. സുലുർ, നീലാമ്ബൂർ, ചെട്ടിപാളയം തുടങ്ങിയ പ്രദേശങ്ങളില്‍ 250ഓളം പൊലീസുകാർ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് റെയ്ഡ് നടത്തിയത്.
ഇവിടങ്ങളില്‍നിന്ന് ആറ് കിലോ കഞ്ചാവും നാല് കത്തികള്‍ ഉള്‍പ്പെടെ ആയുധങ്ങളും നമ്ബർ പ്ലേറ്റില്ലാത്ത 42 മോഷ്ടിച്ച ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് എട്ട് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. മലയാളി വിദ്യാർഥികള്‍ താമസിക്കുന്ന വാടക മുറികളിലും പൊലീസ് റെയ്ഡ് നടത്തിയതായാണ് റിപ്പോർട്ട്. കോളജ് വിദ്യാർഥികള്‍ നിയമവിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നത് തടയാനാണ് നടപടിയെന്ന് കോയമ്ബത്തൂർ ജില്ല പൊലീസ് സൂപ്രണ്ട് കാർത്തികേയൻ പറഞ്ഞു.
വിദ്യാർഥികള്‍ക്ക് വീട് വാടകക്ക് നല്‍കുമ്ബോള്‍ മുഴുവൻ വിവരങ്ങളും ഉടമസ്ഥർ ശേഖരിച്ചുവെക്കണം. മയക്കുമരുന്ന് ഉപയോഗം, ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമായി സൗഹൃദം സ്ഥാപിക്കല്‍, ആയുധങ്ങള്‍ ഉപയോഗിക്കല്‍, സംഘം ചേർന്ന് കലാലയ ഗുണ്ടാവിളയാട്ടം തുടങ്ങിയ പ്രവൃത്തികളില്‍ ഏർപ്പെടുന്ന വിദ്യാർഥികള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

















