ക്വട്ടേഷൻ സംഘാംഗവും സുഹൃത്തായ യുവതിയും മാരക മയക്കുമരുന്നുമായി പിടിയിൽ. ബംഗളൂരുവില്‍നിന്ന് ബസ് മാർഗ്ഗം ലഹരി കടത്താൻ ശ്രമിക്കവെ ആണ് ഇരുവരും പിടിയിലായത്. എറണാകുളം തമ്മനം ചക്കരപ്പറമ്ബ് മടത്തിനാത്തുണ്ടി വീട്ടില്‍ ഹാരിസ് (41), കൊല്ലം കരുനാഗപ്പള്ളി ആലുങ്കടവ് കുന്നേത്തറ പടീറ്റതില്‍ വീട് ഷാഹിന (22) എന്നിവരെയാണ് കഴിഞ്ഞ ദിവസം വാളയാർ ടോള്‍ പ്ലാസയില്‍ വച്ച് പൊലീസ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും 96.57 ഗ്രാം എം.ഡി.എം.എ.യും പിടിച്ചെടുത്തു.
നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും ക്വട്ടേഷൻസംഘാംഗവുമാണ് പിടിയിലായ പ്രതി ഹാരിസെന്ന് പോലീസ് പറഞ്ഞു. ഗുണ്ടയായ പെരുമ്ബാവൂർ അനസിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍. നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പ്രതിയുള്‍പ്പെട്ട ലഹരിവില്പനശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ജില്ലാ പോലീസ് ലഹരിവിരുദ്ധ സ്ക്വാഡും വാളയാർ പോലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പാലക്കാട് എ.എസ്.പി. അശ്വതി ജിജി, നാർക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. അബ്ദുള്‍ മുനീർ എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ ഡാൻസാഫ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദ്, സബ് ഇൻസ്പെക്ടർ ജീഷ്മോൻ വർഗീസ്, എ.എസ്.ഐ. റഹീം മുത്തു, സിവില്‍ പോലീസ് ഓഫീസർമാരായ ഷാഫി, ജയൻ, വിനീഷ്, മുഹമ്മദ് ഷനോസ്, മൈഷാദ്, ബിജുമോൻ, ബി. ഷിബു, കെ. ലൈജു, ബ്ലസ്സൻ, കെ. ദിലീപ്, ടി.ഐ. ഷെമീർ, വനിത സിവില്‍ പോലീസ് ഓഫീസർ വി.ആർ. സജന എന്നിവരും ഇൻസ്പെക്ടർ എൻ.എസ്. രാജീവ്, സിവില്‍ പോലീസ് ഓഫീസർമാരായ സുരേഷ്, രാജ എന്നിവരുടെ നേതൃത്വത്തിലുള്ള വാളയാർ പോലീസും ചേർന്നാണ് പ്രതികളെ ലഹരിമരുന്നുമായി പിടികൂടിയത്.

















