കേന്ദ്ര സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. യുപിഎസ് എന്ന പേരില്‍ എല്ലാ ജീവനക്കാർക്കും മിനിമം പെൻഷൻ ഉറപ്പു നല്‍കുന്നതാണ് പുതിയ പദ്ധതി. ജീവനക്കാർ 10 ശതമാനം വിഹിതം നല്‍കണമെന്ന വ്യവസ്ഥ തുടരും. സർക്കാർ അടയ്ക്കുന്ന വിഹിതം 14 നിന്ന് 18.5 ആയി ഉയർത്താനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.
പഴയ പെൻഷൻ പദ്ധതിയിലെയും നിലവിലെ എൻപിഎസിലെയും വ്യവസ്ഥകള്‍ കൂട്ടിയിണക്കിയാണ് യൂണിഫൈഡ് പെൻഷൻ സ്കീം അഥവാ യുപിഎസ് എന്ന പേരിലുള്ള പെൻഷൻ പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. സർക്കാർ ജീവനക്കാർ പദ്ധതിയിലേക്ക് വിഹിതം നല്‍കണം എന്ന വ്യവസ്ഥയില്‍ മാറ്റമുണ്ടാവില്ല. എന്നാല്‍ കേന്ദ്ര സർക്കാരിൻ്റെ വിഹിതം നിലവിലെ 14ല്‍ നിന്ന് 18.5 ശതമാനമായി ഉയർത്തും. പെൻഷൻ ഫണ്ടിലെ തുക എങ്ങനെ മാറിയാലും ഒരു നിശ്ചിത തുക പെൻഷനായി ഉറപ്പു നല്‍കുന്നതാണ് പുതിയ പദ്ധതി.
25 കൊല്ലം സർവ്വീസ് ഉള്ളവർക്ക് അവസാന 12 മാസത്തെ അടിസ്ഥാന ശമ്ബളത്തിൻ്റെ ശരാശരിയുടെ 50 ശതമാനം പെൻഷൻ ഉറപ്പാക്കും. അതില്‍ കുറവ് സർവ്വീസ് ഉള്ളവർക്ക് നിശ്ചിത പെൻഷൻ ഉണ്ടാകും. പത്തു വർഷം വരെയെങ്കിലും സർവ്വീസ് കഴിഞ്ഞ് ഇറങ്ങുന്നവർക്ക് കുറഞ്ഞത് 10,000 രൂപയെങ്കിലും പെൻഷൻ കിട്ടാനും വ്യവസ്ഥയുണ്ടാകും.
ജീവനക്കാർ അവസാന മാസം വാങ്ങിയ പെൻഷൻ്റെ 60 ശതമാനം കുടുംബ പെൻഷനായി നല്‍കും. നാണ്യപെരുപ്പത്തിന് അനുസരിച്ച് ക്ഷാമ ആശ്വാസം നല്‍കി പെൻഷൻ തുക ഉയർത്താനുള്ള വ്യവസ്ഥ പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. അവസാന മാസത്തെ ശമ്ബളത്തിൻ്റെ പത്തിലൊന്ന് സർവ്വീസിൻ്റെ ഒരോ ആറുമാസവും എന്ന നിലയ്ക്ക് കണക്കുകൂട്ടിയുള്ള ഒറ്റതവണ തുക വിരമിക്കുമ്ബോള്‍ നല്‍കും. ഇത് പെൻഷൻ തുകയെ ബാധിക്കില്ല.
സംസ്ഥാന സർക്കാരുകള്‍ക്കും ഈ പദ്ധതി ആവശ്യമെങ്കില്‍ നടപ്പാക്കാവുന്നതാണെന്നും കേന്ദ്രം അറിയിച്ചു. അടുത്തവർഷം ഏപ്രില്‍ ഒന്നു മുതലാകും പുതിയ പദ്ധതി നടപ്പാക്കുക. അതുവരെ നിലവിലെ പെൻഷൻ സ്കീമില്‍ വിരമിക്കുന്നവർക്കും പുതിയ പദ്ധതിയുടെ അടിസ്ഥാനത്തിലുള്ള ആനകൂല്യമാകും നല്‍കുക. ജീവനക്കാരുടെ സംഘടനകളുടെ പ്രതിനിധികള്‍ പ്രധാനമന്ത്രിയെ കണ്ട് പുതിയ പദ്ധതി കൊണ്ടു വന്നതിന് നന്ദി രേഖപ്പെടുത്തി.

















