മുസ്ലിം ലീഗിന്റെ മതേതര മുഖം സംശയദൃഷ്ടിയിൽ ആക്കുന്ന സംഭവമാണ് തൊടുപുഴയിൽ നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഉണ്ടായത്. ലീഗ് സിപിഎമ്മിനോട് ചേർന്ന് നിന്ന് വർഗീയത കളിച്ചോ എന്ന് നിഷ്പക്ഷരായവർ സംശയിക്കാനുള്ള സാഹചര്യങ്ങളാണ് തൊടുപുഴയിൽ ഇന്നലെ ഉണ്ടായത്. കോൺഗ്രസിന്റെ ചെയർമാൻ സ്ഥാനാർത്ഥി ഹൈന്ദവ വിഭാഗത്തിൽ നിന്നുള്ള ആളായിരുന്നു. എന്നാൽ മുസ്ലിംലീഗിന്റെ അഞ്ചു പ്രതിനിധികൾ വോട്ട് ചെയ്തത് ഇസ്ലാം വിഭാഗത്തിൽ നിന്നുള്ള സിപിഎം പ്രതിനിധിക്കാണ്.
വർഗീയ കാർഡ് ഇറക്കി കളിച്ച് സിപിഎം: അംഗബലം കണക്കാക്കിയാൽ യുഡിഎഫിന് ഉറപ്പായും ഭരണം നേടാവുന്ന സാഹചര്യമാണ് തൊടുപുഴ നഗരസഭയിൽ ഉണ്ടായിരുന്നത്. എന്നാൽ കോൺഗ്രസും ലീഗും അധ്യക്ഷ സ്ഥാനത്തെ ചൊല്ലി ഇടഞ്ഞതോടെ സിപിഎം വർഗീയ കാർഡ് ഇറക്കുകയായിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തൊടുപുഴ നഗരസഭ അധ്യക്ഷ പദവി ജനറലാണ്. മുതിർന്ന പ്രവർത്തന പാരമ്പര്യമുള്ള നിരവധി പുരുഷ കൗൺസിലർമാർ സിപിഎമ്മിന് നഗരസഭയിൽ ഉണ്ട്. എന്നാൽ ഇസ്ലാം വിഭാഗത്തിൽ നിന്നുള്ള വനിതാ മെമ്പറാണ് ചെയർമാൻ സ്ഥാനാർത്ഥിയായി സിപിഎം നിശ്ചയിച്ചത്.
വർഗീയ കാർഡ് ഇറക്കിയാൽ യുഡിഎഫിലെ ഭിന്നത മുതലാക്കി വിജയം ഉറപ്പിക്കാമെന്ന തന്ത്രമാവാൻ സിപിഎം പയറ്റിയത് എന്ന് രാഷ്ട്രീയ വൃത്തങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഏതായാലും സിപിഎം തന്ത്രം വിജയിച്ചു. സ്വന്തം പാളയത്തിൽ നിന്നുള്ള വോട്ടുകൾ ചോർന്നിട്ടും ലീഗിന്റെ 5 കൗൺസിലർമാരുടെ പിന്തുണയിൽ നഗരഭരണം നിലനിർത്തുവാൻ സിപിഎമ്മിന് കഴിഞ്ഞു.
യുഡിഎഫിൽ പൊട്ടിത്തെറി: നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പിൽ ലീഗ് കാലു മാറിയതോടെ തൊടുപുഴയിലെ യുഡിഎഫിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായിട്ടുള്ളത്. ലീഗ് ജനാധിപത്യ വിശ്വാസികളെ വഞ്ചിച്ചു എന്നും അടുത്ത തിരഞ്ഞെടുപ്പിൽ ഇതിന് മറുപടി ലഭിക്കുമെന്നും ഡിസിസി അധ്യക്ഷൻ സിപി മാത്യു തുറന്നടിച്ചു. ഇടുക്കി ജില്ലയില്‍ യുഡിഎഫുമായി ഇനി സഹകരിക്കില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെഎംഎ ഷുക്കൂറും അറിയിച്ചു.
ലീഗ് വർഗീയ പാർട്ടി എന്ന് ബിജെപി നേതാവ് പിസി ജോർജ്
“യുഡിഎഫ് മുന്നണിയിലുള്ള ലീഗിന്റെ അഞ്ച് മെമ്ബർമാർ സിപിഎം സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത്, കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ തോല്‍പ്പിച്ചു. എന്താ കാര്യം, സിപിഎമ്മിന്റെ സ്ഥാനാർത്ഥി മുസ്ലീമും യുഡിഎഫിന്റെ സ്ഥാനാർത്ഥി ഹിന്ദുവുമായിരുന്നു. എന്തൊരു മര്യാദക്കേടാണിത്. അങ്ങനെയെങ്കില്‍ മുസ്ലീം ലീഗ് മതേതര പാർട്ടായാണോ? എന്താണ് അവരുടെ രാഷ്‌ട്രീയം? യുഡിഎഫ് മുന്നണിയില്‍ തന്നെയാണോ അവർ യഥാർത്ഥത്തില്‍ നിലകൊള്ളുന്നത്? കേരളത്തില്‍ മുസ്ലീം ഏകീകരണമുണ്ടാക്കി മറ്റുള്ളവരെ നശിപ്പിക്കാനുള്ള ഗൂഢശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. “- പിസി ജോർജ് ചോദിച്ചു.

















