ഉരുള്‍പ്പൊട്ടല്‍ തകര്‍ത്ത വയനാടിന് സഹായവുമായി വിവിധ സംസ്ഥാനങ്ങള്‍ സര്‍ക്കാരുകള്‍. ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് സര്‍ക്കാരുകളാണ് ധനസഹായം പ്രഖ്യാപിച്ചത്. പുനരധിവാസത്തിനായി യുപി സര്‍ക്കാര്‍ പത്ത് കോടിയാണ് അനുവദിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് തുക കൈമാറുന്ന കാര്യം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചത്. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനത്തിന് സഹായം അഭ്യര്‍ത്ഥിച്ച് യോഗിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെ യോഗി ധനസഹായം പ്രഖ്യാപിച്ചത്. യുപിയിലെ ജനങ്ങളും സര്‍ക്കാരും കേരളത്തിനൊപ്പമാണെന്ന് ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ യോഗി വ്യക്തമാക്കി.
മധ്യപ്രദേശ് ഇരുപത് കോടി രൂപയാണ് കേരളത്തിനായി ധനസഹായം പ്രഖ്യാപിച്ചത്. കേരളത്തിന് പുറമേ ത്രിപുരയ്ക്കും ഇരുപത് കോടി നല്‍കും. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവാണ് ധനസഹായം പ്രഖ്യാപിച്ചത്. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചാണ് ഇരുസംസ്ഥാനങ്ങള്‍ക്കും ധനസഹായം നല്‍കാന്‍ തീരുമാനിച്ചത്.കേരളത്തിനും ത്രിപുരയ്ക്കും പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വേഗം സാധിക്കട്ടെയെന്നും മോഹന്‍ യാദവ് പറഞ്ഞു. മധ്യപ്രദേശ് ഉള്‍പ്പെടെ രാജ്യത്താകെ വിവിധ സംസ്ഥാനങ്ങളെ കനത്ത വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും ബാധിച്ചു. ത്രിപുരയും കേരളവും കഠിനമായ പ്രകൃതിദുരന്തങ്ങള്‍ അനുഭവിച്ചു. അവര്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനിച്ചുവെന്നും മോഹന്‍ യാദവ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ധനസഹായം കൈമാറിയത്. പത്ത് കോടി രൂപയാണ് നല്‍കിയത്. അതേസമരം മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാടിന് കേന്ദ്ര സഹായം ആവശ്യപ്പെട്ട് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തും. രണ്ടായിരം കോടിയോളം രൂപയുടെ സഹായമാകും കേരളം ആവശ്യപ്പെടുക എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ദുരന്തമേഖലകളില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. കേന്ദ്ര സഹായവും അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു. ഇതുപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ നിവേദനം നല്‍കുന്നത്.

















