മലയാളി എന്ന വികാരമുള്ളവർ മാത്രമല്ല മനുഷ്യത്വമുള്ള എല്ലാവരും തങ്ങളാൽ ആവുംവിധം വയനാട് എന്ന ഭൂപ്രദേശത്തിനും അവിടെ എല്ലാം നഷ്ടപ്പെട്ട ജനങ്ങൾക്കും വേണ്ടി കൈകോർക്കും എന്ന് ഉറപ്പാണ്. പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ ഉറ്റവരെയും ഉടയവരെയും ജീവിതത്തിൽ ഇന്നേവരെ നേടിയ സമ്പാദ്യങ്ങളും, അന്തിയുറങ്ങാൻ ഉണ്ടായിരുന്ന സുരക്ഷിത ഭവനങ്ങളും നഷ്ടപ്പെട്ട ഒരു ജനതയുടെ വിലാപം കണ്ടില്ലെന്ന് നടിക്കാൻ ആർക്കും കഴിയില്ല.
മഹാപ്രളയത്തിലും കോവിഡിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒഴുകിയെത്തിയത് കോടിക്കണക്കിന് രൂപയാണ്. എന്നാൽ ഇന്ന് ആ പവിത്രമായ കരുതൽ ശേഖരത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതിനെതിരെ പ്രചരണം നടത്തിയവർക്കെതിരെ കേസെടുക്കുന്ന വാർത്തയും നാം കേട്ടു. എന്നാൽ എങ്ങനെയാണ് ഈയൊരു മനോഭാവത്തിലേക്ക്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നൽകാനുള്ള ജനങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടത് എന്ന് ചോദ്യവും പ്രസക്തമാകണം.
സ്വജനപക്ഷപാദപരമായി ദുരിതാശ്വാസ ഫണ്ട് വിതരണം ചെയ്ത വിഷയങ്ങളെക്കുറിച്ച് മുൻപേ പ്രസിദ്ധീകരിച്ച വാർത്തയിൽ വിശദമായി പ്രതിപാദിച്ചിരുന്നു. മറ്റൊരു യാഥാർത്ഥ്യമാണ് ഈ വാർത്തയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 20 കോടി രൂപയിൽ അധികം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് ഉദ്യോഗസ്ഥരും ഡോക്ടർമാരും രാഷ്ട്രീയക്കാരും അടങ്ങുന്ന ഒരു കോക്കസ് വെട്ടിച്ചു എന്ന നാണംകെട്ട ഒരു പഴയ വാർത്ത. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട് എങ്കിലും ഉന്നതർ ആരെങ്കിലും ഇതുവരെ കുടുങ്ങിയതായി വാർത്തയൊന്നും പുറത്തു വന്നിട്ടില്ല. ഈ വിഷയം പ്രതിപാദിച്ച് 24 വാർത്ത ചാനലിൽ ചർച്ച സംഘടിപ്പിച്ചപ്പോൾ തന്റെ പതിവ് ശൈലിയിൽ ഹാഷ്മി താജ് ഇബ്രാഹിം എന്ന വാർത്ത അവതാരകൻ കത്തിക്കയറി പങ്കുവെച്ച ഇൻട്രോ വീഡിയോ ചുവടെ കാണാം. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് മറുപടി പറഞ്ഞിട്ട് വേണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ സംശയിക്കുന്ന ജനങ്ങളുടെ മനോഭാവത്തെ ചോദ്യം ചെയ്യാൻ.

















