വയനാട് മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 8.38 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ദുരന്തം ഉണ്ടായ ജൂലൈ 30 മുതല്‍ ഓഗസ്റ്റ് രണ്ടുവരെയുള്ള കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്. ദുരിതാശ്വാസ നിധിയിലേക്ക് വന്ന തുകയുടെ കണക്കുകള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. ദുരന്തത്തിന് മുമ്ബ് 275.04 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആകെ എത്തിയത്.
ദുരന്തത്തിന് ശേഷം രണ്ടുദിവസം കൊണ്ടാണ് 8.38 കോടി രൂപ ഇതിലേക്കെത്തിയത്. 2018 ലെയും 2019 ലെയും പ്രളയകാലത്ത് ആകെ 4970 കോടിയാണ് ദുരിതാശ്വാസ നിധിയിലേക്ക് വന്നത്. ഇതില്‍ 4738 കോടിയും വിവിധ സഹായങ്ങള്‍ക്കായി ചെലവഴിച്ചു. ഇതിന് പിന്നാലെ കോവിഡ് കാലത്ത് ദുരിതാശ്വാസ നിധിയിലേക്ക് വന്നത് 1129.74 കോടിയാണ്. ഇതില്‍ 1111.15 കോടിയാണ് വിവിധ സഹായങ്ങള്‍ക്കായി വിനിയോഗിച്ചത്.
ഇതിന് ശേഷം ആകെയുണ്ടായിരുന്നത് 275.04 കോടി രൂപ ആയിരുന്നു. ദുരന്തമുണ്ടായതിന് പിന്നാലെ സിനിമാ താരങ്ങളും വ്യവസായ പ്രമുഖരുമുള്‍പ്പെടെ നിരവധി ആളുകളാണ് ദുരിത്വാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. നടൻമാരായ മോഹൻലാല്‍, ടൊവിനോ, കമല്‍ഹാസൻ എന്നിവർ 25 ലക്ഷം വീതമാണ് നല്‍കിയത്. നടൻ മമ്മൂട്ടി, മകനും നടനുമായ ദുല്‍ഖർ സല്‍മാൻ എന്നിവർ ചേർന്ന് 35 ലക്ഷം നല്‍കി. നടൻ ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്രിയയും ചേർന്ന് 25 ലക്ഷം, തെന്നിന്ത്യൻ നടി രശ്മിക മന്ദാന 10 ലക്ഷം എന്നിങ്ങനെയാണ് നല്‍കിയിട്ടുള്ളത്. ഇതിന് പുറമേ പേളി മാണിയും ശ്രീനിഷും ചേർന്ന് അഞ്ചുലക്ഷവും സംഭാവന ചെയ്തിട്ടുണ്ട്. നടൻ ആസിഫ് അലിയും സംഭാവന നല്‍കിയിട്ടുണ്ട്.
തമിഴ് നടൻ വിക്രം സംഭാവന നല്‍കിയത് 20 ലക്ഷം രൂപയാണ്. തമിഴ് താരങ്ങളായ സൂര്യ, കാർത്തി, നടി ജ്യോതിക എന്നിവർ ചേർന്ന് 50 ലക്ഷം നല്‍കി. നടി നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേശ് ശിവനും മക്കളായ ഉയിർ, ഉലക് എന്നിവരും ചേർന്ന് 20 ലക്ഷം സംഭാവന നല്‍കി.തമിഴ്നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ച അഞ്ചു കോടി രൂപ തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇ.വി വേലു ഓഫീസില്‍ എത്തി കൈമാറിയിരുന്നു. കെ.എം.എല്‍. 50 ലക്ഷം, കാനറ ബാങ്ക് ഒരുകോടി, ഔഷധി ചെയർപേഴ്സണ്‍ ശോഭന ജോർജ് 10 ലക്ഷം, വനിത വികസന കോർപ്പറേഷൻ 30 ലക്ഷവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
ദുരന്തമുണ്ടായതിന് പിന്നാലെ വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പുകാരായ അദാനി പോർട്ട്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്യാണരാമൻ എന്നിവർ അഞ്ചുകോടി വീതം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള ആർദ്ര ചാരിറ്റബിള്‍ ട്രസ്റ്റ് ഒരുലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. സിപിഎം 25 ലക്ഷം നല്‍കിയെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചത്. കൂടാതെ, എല്ലാ പാർട്ടി ഘടകങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

















