കഴിവും പാരമ്പര്യവും പ്രാപ്തിയും ജനങ്ങളുടെ അംഗീകാരവും ഉണ്ടായിട്ടും വേണ്ടത്ര പരിഗണന ലഭിക്കാത്ത ഒരു കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് നേതാവാണ് പാലായിലെ നഗരസഭ ചെയർമാൻ ഷാജു വി തുരത്തൻ. പാർട്ടിയെ നയിക്കുന്ന ജോസ് കെ മാണിക്ക് പാർട്ടിയിലെ ജനപ്രിയ നേതാക്കളോടുള്ള ‘പെറ്റി കോംപ്ലക്സ്’ തന്നെയാണ് തുരുത്തനും വിനയായതെന്നാണ് പാർട്ടിക്കുള്ളിൽ തന്നെയുള്ള അടക്കം പറച്ചിൽ. മന്ത്രി റോഷി അഗസ്റ്റിൻ പലപ്പോഴും ഷാജു തുരുത്തനെ ഗുരു സ്ഥാനീയൻ എന്ന് വിശേഷിപ്പിക്കുന്നതും അദ്ദേഹത്തിന് തിരിച്ചടിയായിട്ടുണ്ട്.
നഗരസഭയിൽ പ്രാധിനിത്യ പാരമ്പര്യം കൊണ്ടും പാർട്ടിയിലെ പ്രവർത്തന മികവു കൊണ്ടും ഇത്തവണ ഷാജു തുരുത്തൻ ആദ്യ ടേമിൽ തന്നെ ചെയർമാൻ ആകും എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ ആദ്യ രണ്ടു വർഷം കേരള കോൺഗ്രസ് പ്രതിനിധിയായി പാർട്ടിയിൽ തുരുത്തന്റെ വളരെ ജൂനിയറായ ആന്റോ ജോസ് പടിഞ്ഞാറേക്കരയും, പിന്നീട് ഒരു വർഷം സിപിഎം പ്രതിനിധിയായ ജോസിൻ ബിനോയുമാണ് നഗരസഭ അധ്യക്ഷ സ്ഥാനം അലങ്കരിച്ചത്. അഞ്ചുവർഷത്തിൽ ഷാജു തുരത്തിന് കേവലം ഒരു വർഷം മാത്രമാണ് അധ്യക്ഷപദവി അനുവദിച്ച് നൽകാൻ ജോസ് കെ മാണിക്ക് മനസ്സുണ്ടായത്.
എന്നാൽ തനിക്ക് ലഭിച്ച ചുരുങ്ങിയ കാലം കൊണ്ട് പരമാവധി ജനോപകാരപ്രദമായ തീരുമാനങ്ങൾ എടുത്ത് ജനങ്ങളുടെ പ്രിയം പിടിച്ചു പറ്റുകയാണ് ഷാജു തുരുത്തൽ. സാങ്കേതികത്വങ്ങളിൽ ഊന്നാതെ അടിയന്തര നടപടികൾ ചടുലമായി സ്വീകരിക്കുന്നതാണ് അദ്ദേഹത്തിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്നത്. നിരവധി അപകടങ്ങൾക്കിടയാക്കിയ പിഡബ്ല്യുഡി റോഡിലെ ഗ്രിൽ സ്വന്തം ചെലവിൽ മാറ്റി സ്ഥാപിച്ചതും, ഇരുചക്രവാഹനക്കാർക്ക് അപകടം ഉയർത്തി പോസ്റ്റുകളിൽ പൊട്ടിക്കിടന്ന കേബിളുകൾ നീക്കം ചെയ്തതും, മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഉദ്ഘാടനം ചെയ്ത ടൂറിസം വകുപ്പിന് കീഴിലുള്ള ലണ്ടൻ ബ്രിഡ്ജ് സ്വന്തം നിലയിൽ താഴ് തല്ലിപ്പൊളിച്ച് ജനങ്ങൾക്കായി തുറന്നു കൊടുത്തതും തുരുത്തന് കയ്യടി നേടിക്കൊടുത്ത സംഭവങ്ങളാണ്.
എന്നാൽ തുരുത്തൻ കയ്യടി നേടുമ്പോൾ ഇളിഭ്യർ ആവുന്നത് ജോസ് കെ മാണിയും, ഭരണം നടത്തുന്ന സിപിഎമ്മുമാണ്. മുന്നണിയിലെ മൂന്നാമത്തെ ഘടകകക്ഷിയുടെ ചെയർമാൻ വിചാരിച്ചിട്ട് പോലും മുഖ്യമന്ത്രിയുടെ മരുമകൻ ഭരിക്കുന്ന ടൂറിസം വകുപ്പിനെ കൊണ്ട് പാലം തുറന്നു കൊടുക്കുവാൻ സാധിച്ചില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജോസ് കെഎം മാണിയുടെ വൻ വികസന നേട്ടമായി അവതരിപ്പിക്കുകയും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയും ചെയ്ത പദ്ധതിയാണിത്. എന്നാൽ ചുവപ്പ് നാടകൾക്ക് മുന്നിൽ ‘ഞഞ്ഞാ പിഞ്ഞാ’ പറയാതെ ഷാജു തുരുത്തൻ പൂട്ടു തല്ലിപ്പൊളിച്ച് പാലം തുറന്നു കൊടുക്കുകയായിരുന്നു.
തുരുത്തന്റെ ഗ്രാഫ് ഉയരുമ്പോൾ താഴുന്നത് ജോസ് കെ മാണിയുടെ തന്നെ ഗ്രാഫ് ആണ്. കഴിവുള്ളവരെ ജോസ് മാറ്റിനിർത്തുന്നു എന്ന ആക്ഷേപങ്ങൾ ഇതോടുകൂടി ശക്തമാകും. നഗരഭരണം സുഗമമായും കാര്യക്ഷമമായും കൊണ്ടുനടക്കാൻ പ്രാപ്തിയുള്ള ഷാജു തുരുത്തനെപ്പോലുള്ളവരെ മാറ്റിനിർത്തുന്ന ജോസിന്റെ നിലപാട് വിമർശനങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്. കൂടാതെ ജോസിന് കഴിയാത്തത് ഷാജു തുരുത്തൻ നിസാരമായി സാധിച്ചു എന്ന പ്രതീതി നിലനിൽക്കുന്നതും ജോസ് കെ മാണിക്ക് തിരിച്ചടിയാണ്. ഇതിന്റെ പ്രത്യാഘാതങ്ങൾ പാർട്ടിക്കുള്ളിൽ എങ്ങനെയാണ് തുരുത്തനുമേൽ വന്നു വീഴുക എന്നാണ് കണ്ടറിയേണ്ടത്.
തുരുത്തന്റെ ഭാര്യക്കും വെട്ട്
ഷാജു തുരുത്തന്റെ ഭാര്യ ബെറ്റി ഷാജുവും നിരവധിവട്ടം നഗരസഭ കൗൺസിലറും ഒരു വട്ടം ചെയർപേഴ്സണും ആയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കേരള കോൺഗ്രസിൽ നിന്ന് നാലു വനിതാ പ്രതിനിധികളെ നഗരസഭ അധ്യക്ഷസ്ഥാനത്തേക്ക് നിയോഗിച്ചെങ്കിലും സീനിയർ വനിത അംഗമായ ബെറ്റിയെ പരിഗണിച്ചില്ല. ഇത്തവണ ബെറ്റി മത്സര രംഗത്ത് നിന്ന് മാറിനിൽക്കേണ്ടി വന്നതും ഷാജു തുരുത്തനെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കണമെങ്കിൽ ബെറ്റി മാറിനിൽക്കണം എന്ന ആവശ്യം പാർട്ടി നേതൃത്വം മുന്നോട്ടുവച്ചത് കൊണ്ടാണെന്ന് അഭ്യൂഹങ്ങളും നിലവിലുണ്ട്.

















