തിരുവനന്തപുരം: കേന്ദ്രസർക്കാർ സഹായത്തോടെയുള്ള സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ (പിഎം ശ്രീ) യില്‍ കേരളവും. രണ്ടുവർഷം മുൻപ് ആരംഭിച്ച പദ്ധതിയില്‍ ചില രാഷ്ട്രീയ കാരണങ്ങളാല്‍ ചേരാൻ മടിച്ചു നില്‍ക്കുകയായിരുന്നു കേരളം. എന്നാല്‍ സമഗ്ര ശിക്ഷാ കേരളം വഴി സ്കൂളുകളില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് കേന്ദ്ര വിഹിതം കിട്ടണമെങ്കില്‍ ഇതില്‍ ചേരണമെന്ന് നിർബന്ധം വന്നതോടെ തീരുമാനം മാറ്റുകയായിരുന്നു .
പദ്ധതിയില്‍ ചേരാൻ സന്നദ്ധത കഴിഞ്ഞ ഏപ്രിലില്‍ കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പേരും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പിഎം ശ്രീ എംബ്ലവും പദ്ധതി നടപ്പിലാക്കുന്ന സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കണം എന്നതാണ് ഒരു നിബന്ധന.അഞ്ചുവർഷം കാലാവധിയുള്ള പി എം ശ്രീ പദ്ധതിയില്‍ ഒപ്പിടുന്നതോടെ സംസ്ഥാനത്തെ 3036 സ്കൂളുകള്‍ക്ക് പ്രതിപക്ഷ ശരാശരി ഒരു കോടി വരെ ധനസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഒരു ബ്ലോക്ക് റിസോഴ്സ് സെന്ററിന് കീഴില്‍ ഓരോ പ്രൈമറി, സെക്കൻഡറി സ്കൂളുകള്‍ വീതമാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. സ്കൂളുകള്‍ക്ക് സ്വന്തം നിലയില്‍ അപേക്ഷിക്കാമെങ്കിലും സംസ്ഥാനതലസമിതി ആയിരിക്കും പദ്ധതിക്ക് അർഹരായ സ്കൂളുകളെ തിരഞ്ഞെടുക്കുക . തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളുടെ പേരിന് മുന്നില്‍ പിഎംശ്രീ എന്ന് ചേർക്കണമെന്ന നിബന്ധന കേരളം എതിർത്തിരുന്നു. പദ്ധതിയില്‍ ഒപ്പുവയ്ക്കുന്ന സാഹചര്യത്തില്‍ ഇതെല്ലാം കേരളം അംഗീകരിക്കേണ്ടി വരും.
പദ്ധതിയില്‍ ചേരുന്നതിനുള്ള അനുകൂല തീരുമാനം അറിയിച്ചാല്‍ കേന്ദ്രം കുടിശിക പണം തരുമെന്ന് കേരളം കണക്കുകൂട്ടിയെങ്കിലും ഒപ്പുവച്ചാല്‍ മാത്രമേ പണം നല്‍കൂ എന്ന് കടുത്ത നിലപാടാണ് കേന്ദ്രം നിലവില്‍ സ്വീകരിച്ചിരിക്കുന്നത്. വിവിധ കേന്ദ്ര പദ്ധതികള്‍ക്കായി കുടിശ്ശിക്ക് ഇനത്തില്‍ 1432 കോടിയിലേറെ കേന്ദ്രത്തില്‍ നിന്ന് കിട്ടാനുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നു. കുടിശിക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പദ്ധതിയില്‍ ചേരാൻ മറ്റു വഴിയില്ലാതെയാണ് കേരളം തീരുമാനിച്ചത്.ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ഉടൻ സ്വീകരിക്കും.

















