മൂവാറ്റുപുഴയിൽ നടുറോഡിൽ ഡിവൈഎഫ്ഐയുടെ ഗുണ്ടാരാജ്. സ്വകാര്യ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെയാണ് ഡിവൈഎഫ്ഐ അതിക്രമം നടത്തിയത്. ഡിവൈഎഫ്ഐയുടെ ഗുണ്ടായിസം കയ്യും കെട്ടി നോക്കി നിന്നുകൊണ്ട് കേരള പോലീസും രംഗത്തുണ്ടായിരുന്നു.
ബസ് അമിതവേഗത്തിൽ പോയി എന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്ഐ നിയമം കയ്യിലെടുത്തത്. എറണാകുളം റൂട്ടിലോടുന്ന പ്രൈവറ്റ് ബസ്സിൽ നിന്ന് വിദ്യാർത്ഥി പുറത്തേക്കിറങ്ങുന്ന വേളയിൽ വീണു പരിക്കേറ്റു എന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്ഐ നിയമം കയ്യിലെടുത്തത്. ഇന്നലെ പ്രതിഷേധവുമായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ സ്വകാര്യ ബസ് തടഞ്ഞുനിർത്തുകയും ഡ്രൈവറെ പുറത്തിറക്കി അവർ സ്റ്റീൽ ഗ്ലാസിൽ പകർന്നു നൽകിയ തിളച്ചവെള്ളം കുടിക്കാൻ ആവശ്യപ്പെടുകയും ആണ് ചെയ്തത്. അതിക്രമം ചോദ്യം ചെയ്ത കണ്ടക്ടർക്കും തിളച്ച വെള്ളം നൽകി നിർബന്ധമായും കുടിപ്പിക്കാൻ ശ്രമമുണ്ടായി.
മാധ്യമ ക്യാമറകൾക്കും നാട്ടുകാർക്കും മുന്നിൽ പോലീസിനെ സാക്ഷിയാക്കി നിയമം കയ്യിലെടുത്ത ഡിവൈഎഫ്ഐ പ്രവർത്തകരെ തടയാൻ കൂട്ടാക്കാതെ എല്ലാത്തിനും മൂകസാക്ഷികളായി ഉയർന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. മധ്യസ്ഥത്തിന് ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരോട് ഡിവൈഎഫ്ഐ നേതാക്കൾ കുപിതരാവുകയും അവരെ ആട്ടി ഓടിക്കുകയും ചെയ്തു. ഒടുവിൽ തിളച്ച വെള്ളം കുടിച്ച ശേഷമാണ് വാഹനം മുന്നോട്ട് എടുക്കാൻ ഭരണകക്ഷിയുടെ യുവജന സംഘടന നേതാക്കൾ അനുവാദം നൽകിയത്.

















