കോക്രോച്ച്‌ ജനതാ പാർട്ടി (സിജെപി) ഡല്‍ഹിയിലെ ജന്തർ മന്ത‍റിന് മുന്നില്‍ നടത്തിയ 37 ദിവസം നീണ്ടുനിന്ന സമരം ലക്ഷ്യം കണ്ടതിന് പിന്നാലെ പ്രവർത്തകർ നടത്തിയ വിജയാഘോഷം വിവാദമാകുന്നു.ഡല്‍ഹിയിലെ ഒരു ആഡംബര ഹോട്ടലില്‍ സിജെപി പ്രവർത്തകർ നടത്തിയ ആഘോഷത്തിന്റെ വീഡിയോയാണ് പുതിയ വിവാദത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് സംഘടനയ്ക്കെതിരെ വിമർശനങ്ങള്‍ ഉയർന്നത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിന് പിന്നാലെയാണ് ഈ ആഘോഷം നടന്നതെന്നാണ് റിപ്പോർട്ടുകള്‍. വൈറലായ വീഡിയോയില്‍ സിജെപി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരും മറ്റ് പ്രവർത്തകരും സംഗീതത്തിന് ചുവടുവയ്ക്കുന്ന ദൃശ്യങ്ങളാണുള്ളത്. സിജെപി സ്ഥാപക അദ്ധ്യക്ഷൻ അഭിജീത് ദിപ്കെ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല എന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിജെപി പ്രവർത്തകരുടെ ആഘോഷം നടന്നത് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ആയിരുന്നുവെന്ന റിപ്പോർട്ടുകള്‍ വലിയ വിമർശനത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സുപ്രീംകോടതി അഭിഭാഷകനും ബിജെപി രാജ്യസഭാംഗവുമായ മഹേഷ് ജെത്മലാനി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഡല്‍ഹിയില്‍ സിജെപി നടത്തിയ പ്രക്ഷോഭത്തിന് പിന്നാലെ സംഘർഷങ്ങളും അരക്ഷിതാവസ്ഥയും നിലനില്‍ക്കുമ്പോള്‍ യുവാക്കള്‍ നടത്തിയ ആഘോഷം ഉചിതമായിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു.

ആഴ്ചകള്‍ നീണ്ടുനിന്ന സമരത്തിന്റെ സാമ്പത്തിക സ്രോതസിനെ കുറിച്ച്‌ മഹേഷ് ജെത്മലാനി സംശയം പ്രകടിപ്പിച്ചു. സമരകാലത്ത് പ്രവർത്തകർക്കായുള്ള യാത്ര, ഭക്ഷണം, താമസം, മറ്റ് ചെലവുകള്‍ എന്നിവയ്ക്ക് പണം നല്‍കിയത് ആരാണെന്നും അദ്ദേഹം സമൂഹമാദ്ധ്യമത്തിലൂടെ ചോദ്യം ഉയർത്തി. ഇതിനെത്തുടർന്ന് സിജെപിയുടെ പ്രവർത്തന രീതി, ധനസ്രോതസ്, സമരശേഷമുള്ള വിജയാഘോഷം എന്നിവയെ കുറിച്ച്‌ സമൂഹമാദ്ധ്യമങ്ങളില്‍ ചർച്ചകള്‍ ശക്തമായിട്ടുണ്ട്.

സംഘടനയെ പിന്തുണയ്ക്കുന്നവർ ആഘോഷത്തെ ന്യായീകരിക്കുമ്പോള്‍ വിമർശകർ ധനസ്രോതസിനെക്കുറിച്ചും സമരത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു ആഘോഷം സംഘടിപ്പിച്ചതിന്റെ ഔചിത്യത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉയർത്തുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക