നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയടക്കം വിദ്യാഭ്യാസമേഖലയിലുണ്ടായ വിവിധ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചുള്ള സിജെപി പ്രതിഷേധത്തില്‍ രാജ്യതലസ്ഥാനം പ്രക്ഷുബ്ധാവസ്ഥയില്‍ തന്നെ തുടരുകയാണ്.രാജ്യത്തെമ്പാടുമുള്ള ആയിരക്കണക്കിന് വിദ്യാർഥികള്‍ സമരത്തിന്‍റെ ഭാഗമായതോടെ ഏതുവിധേനയും അടിച്ചമർത്താൻ വെമ്പിനില്‍ക്കുകയാണ് ഡല്‍ഹി പൊലീസ്. വിദ്യാർഥികളെ പിരിച്ചുവിടാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രദേശത്തെ ഇന്‍റർനെറ്റ് ബന്ധം കഴിഞ്ഞ ദിവസങ്ങളിലായി വിച്ഛേദിച്ചിരുന്നെങ്കിലും സന്ദേശങ്ങള്‍ കൈമാറാൻ മറ്റൊരു സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുകയാണ് പാറ്റകളെന്ന് സംശയിക്കുകയാണ് പൊലീസ്.

കോണോട്ട്, ജന്തർ മന്തർ എന്നിവിടങ്ങളില്‍ തടിച്ചുകൂടിയ സിജെപി പ്രവർത്തകർ ഇന്‍റർനെറ്റിന് പകരമായി ഉപയോഗിക്കുന്ന ഓഫ് ലൈൻ മെസ്സേജിങ് ആപ്പുകളെ കുറിച്ച്‌ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍. ബ്ലൂടൂത്ത് ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രാദേശികതലത്തില്‍ ഉപയോഗിക്കാവുന്ന പ്രത്യേകസംവിധാനങ്ങളാണ് നിലവില്‍ പാറ്റകളുടെ ഏക ആശ്രയം. 4G,5G ആക്സസ് ഇല്ലാത്തയിടങ്ങളില്‍ പോലും ഈ നെറ്റ്‌വര്‍ക്ക്‌ ഉപയോഗിക്കാമെന്നതാണ് ഇതിന്‍റെ സവിശേഷത.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സെൻട്രല്‍ ഡല്‍ഹിയില്‍ മൊബൈല്‍ ഇന്‍റർനെറ്റ് സർവീസിന് നിരോധനമേർപ്പെടുത്തിയെങ്കിലും പ്രതിഷേധക്കാരില്‍ ചിലരെങ്കിലും ബ്ലൂടൂത്ത് ആശ്രയിച്ചുകൊണ്ടുള്ള കമ്യൂണിക്കേഷൻ ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് പൊലീസിന്‍റെ സംശയം. അതേസമയം, ഇക്കാര്യം പൊലീസ് ഇതേവരെയും സ്ഥിരീകരിച്ചിട്ടില്ല. ഇന്‍റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടാലും സന്ദേശങ്ങള്‍ കൈമാറാവുന്ന സംവിധാനങ്ങളെന്തെല്ലാമെന്ന് നോക്കാം.

പ്രവർത്തനം ഇങ്ങനെ;

മൊബൈല്‍ ഡാറ്റ, വൈഫൈ എന്നിവയില്‍ പ്രവർത്തിക്കുന്ന വാട്സ്‌ആപ്പ്, സിഗ്നല്‍, ടെലഗ്രാം പോലുള്ള ആപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ബ്ലൂടൂത്ത്, വയർലെസ് ടെക്നോളജി എന്നിവയെ ആശ്രയിച്ചുകൊണ്ടാണ് പ്രധാനമായും ഓഫ്‌ലൈന്‍ ആപ്പുകളുടെ പ്രവർത്തനം. ഇന്ന് കാണുന്ന ഒട്ടുമിക്ക സ്മാർട്ട്ഫോണുകളിലും ഈ ടെക്നോളജി ലഭ്യമാണെന്നാണ് റിപ്പോർട്ടുകള്‍.

ബിറ്റ്ചാറ്റാണ് ഓഫ് ലൈൻ മെസ്സേജിങ് ആപ്പുകളില്‍ പ്രമുഖൻ. ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോർസി 2025 ജൂലൈയിലാണ് ഈ ആപ്പ് പരിചയപ്പെടുത്തുന്നത്. ആപ്പ് ഇതിനോടകം പ്ലേ സ്റ്റോറില്‍ ഒരു മില്യണിലേറെ യൂസർമാർ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. സ്വന്തമായി അക്കൗണ്ട് നിർമിക്കാതെ തന്നെ, ബ്ലൂടൂത്ത് മാത്രം ഉപയോഗിച്ചുകൊണ്ട് ഇതുവഴി സന്ദേശങ്ങള്‍ കൈമാറാൻ സാധിക്കും. സമാനമായ വേറെയും നിരവധി ആപ്പുകള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്.

ബിറ്റ്ചാറ്റ് പോലുള്ള ആപ്പുകളിലൂടെ അയക്കുന്ന സന്ദേശങ്ങള്‍ മൊബൈല്‍ ടവറുകള്‍ വഴിയോ വൈഫൈ റൂട്ടറിലൂടെയോ അല്ല കടന്നുപോകുക. മറിച്ച്‌, ബ്ലൂടൂത്ത് വഴി തൊട്ടടുത്ത ഡിവൈസില്‍ തുറന്നുവെച്ച അതേ ആപ്പിലേക്ക് എത്തിച്ചേരും. തൊട്ടടുത്തുള്ള ഫോണിലേക്ക് സന്ദേശം ഫോർവേഡ് ചെയ്യുന്ന ആപ്പ്, വൈകാതെ മെഷ് നെറ്റ് വർക് സൃഷ്ടിക്കുകയും ചെയ്യും. ഉദ്ദേശിച്ചയാളിലേക്ക് എത്തിച്ചേരുന്നത് വരേയ്ക്കും സന്ദേശങ്ങള്‍ പങ്കുവെക്കപ്പെട്ടുകൊണ്ടേയിരിക്കും.

ഒരു ഏരിയയില്‍ കൂടുതല്‍ പേർ ആപ്പ് പ്രവർത്തിപ്പിക്കുന്നതിലൂടെ നെറ്റ്‌വര്‍ക്ക്‌ വലുതാവുകയും സന്ദേശങ്ങള്‍ കൂടുതല്‍ വേഗത്തില്‍ കൈമാറാൻ സാധിക്കുകയും ചെയ്യും. ഇന്‍റർനെറ്റിനെ മാത്രം ആശ്രയിക്കുന്ന മറ്റ് ആപ്പുകളില്‍ നിന്ന് വ്യത്യസ്തമായി പ്രവർത്തിക്കുന്നതിനാല്‍, ഇന്‍റർനെറ്റ് ഷട്ട് ഡൗണ്‍ സാഹചര്യങ്ങളിലും ഈ ഓഫ്‌ലൈന്‍ ആപ്പുകള്‍ പ്രവർത്തനസജ്ജമായിരിക്കും. ഇതിന് പ്രവർത്തിക്കാനാവുന്ന ഏരിയകള്‍ക്ക് പരിമിധികളുണ്ടെങ്കില്‍ പോലും മെഷ് നെറ്റ്‌വര്‍ക്കുകള്‍ രൂപംകൊള്ളുന്നതിലൂടെ നെറ്റില്ലാതെ സാഹചര്യങ്ങളില്‍ വലിയ ഉപകാരികളാണ് ഈ ആപ്പുകള്‍.

ബിറ്റ്ചാറ്റ്: ഇന്റർനെറ്റോ സെല്ലുലാർ നെറ്റ്‌വർക്കോ ഇല്ലാതെ സന്ദേശങ്ങള്‍ അയക്കാൻ സഹായിക്കുന്ന ഒരു വികേന്ദ്രീകൃത മെസ്സേജിങ് ആപ്പാണ് ബിറ്റ്‌ചാറ്റ് (Bitchat). ബ്ലൂടൂത്ത് മെഷ് സാങ്കേതികവിദ്യ ഉപയോഗിച്ച്‌ പ്രവർത്തിക്കുന്നതിനാല്‍, സമീപത്തുള്ള മറ്റ് ഉപകരണങ്ങളിലേക്ക് ഇൻ്റർനെറ്റ് ഇല്ലാതെ തന്നെ സന്ദേശങ്ങള്‍ കൈമാറാൻ ഇതിലൂടെ സാധിക്കും. ഫോണ്‍ നമ്പറോ അക്കൗണ്ട് രജിസ്ട്രേഷനോ വ്യക്തിഗത വിവരങ്ങളോ ആവശ്യപ്പെടാത്തതിനാല്‍ ഉപയോക്താക്കളുടെ സ്വകാര്യത പൂർണ്ണമായും സംരക്ഷിക്കപ്പെടുന്നുവെന്നതാണ് ഏറ്റവും വലിയ സവിശേഷത. ഇൻ്റർനെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുന്ന സാഹചര്യങ്ങളിലോ പ്രകൃതിദുരന്തങ്ങള്‍, അടിയന്തിരാവസ്ഥകള്‍ എന്നിവ ഉണ്ടാകുന്ന സമയങ്ങളിലോ ആളുകള്‍ക്ക് പരസ്പരം ആശയവിനിമയം നടത്താൻ ഇത് ഏറെ പ്രയോജനകരമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക