പുന്തലത്താഴത്ത് നിന്ന് കാണാതായ യുവതിയെയും രണ്ട് മക്കളെയും തമിഴ്നാട്ടിലെ മധുരയില്‍ നിന്ന് പൊലീസ് കണ്ടെത്തി. ഇന്ന് രാവിലെ മൂവരെയും സുരക്ഷിതമായി നാട്ടിലെത്തിച്ചതോടെ ദിവസങ്ങളായി ആശങ്കയിലായിരുന്ന കുടുംബാംഗങ്ങള്‍ക്കും നാട്ടുകാർക്കും ആശ്വാസമായി. ഈ മാസം 18-നാണ് ഇരവിപുരം സ്വദേശിനിയായ യുവതി 12 വയസ്സുള്ള മകനെയും മൂന്നര വയസ്സുള്ള മകളെയും കൂട്ടി ക്ഷേത്രദർശനത്തിനെന്ന് പറഞ്ഞ് കാറില്‍ വീട്ടില്‍ നിന്ന് പുറപ്പെട്ടത്.

വൈകുന്നേരമായിട്ടും തിരികെയെത്താതിരുന്നതോടെ ഭർതൃവീട്ടുകാർ ഇരവിപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നതിനാല്‍ ആദ്യഘട്ടത്തില്‍ അന്വേഷണത്തിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നില്ല. യുവതി ബാങ്കിങ് ആപ്പുകളോ എടിഎമ്മോ ഉപയോഗിക്കാതിരുന്നതും അന്വേഷണം ദുഷ്കരമാക്കി. പിന്നീട് ഒരു ഘട്ടത്തില്‍ ഫോണ്‍ സ്വിച്ച്‌ ഓണ്‍ ആയതോടെയാണ് ഇവർ മധുരയിലുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി അമ്മയെയും മക്കളെയും കണ്ടെത്തി.അന്വേഷണത്തിനിടെ ഇവർ സഞ്ചരിച്ച കാർ തെന്മല കടന്ന് തമിഴ്നാട്ടിലേക്ക് പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരിയായ യുവതിയുടെ ഭർത്താവ് വിദേശത്തായിരുന്നു. ഭാര്യയെയും മക്കളെയും കാണാതായ വിവരം അറിഞ്ഞതോടെ അദ്ദേഹം നാട്ടിലെത്തിയിട്ടുണ്ട്. മക്കളുമായി യുവതി നാടുവിടാൻ കാരണമായത് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണോയെന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തിന്റെ പശ്ചാത്തലവും യാത്രയ്ക്ക് പിന്നിലെ യഥാർഥ കാരണവും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക