നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചത് സി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനൊടുവിലാണ്.ഒരാഴ്ചയ്ക്കിടെ ഡല്‍ഹി ജന്തർ മന്ദറില്‍ വിദ്യാർത്ഥികള്‍ നടത്തിയ പ്രതിഷേധത്തിലേക്ക് പ്രതിപക്ഷ പാർട്ടികളും അണിനിരന്നത് സർക്കാരിന് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു.
സി.ജെ.പി മുന്നോട്ടു വച്ച ആവശ്യങ്ങളില്‍ ധർമ്മേന്ദ്ര പ്രധാന്റെ രാജി ഒഴികെയുള്ളവയില്‍ കേന്ദ്ര സർക്കാർ ഉറപ്പുനല്‍കിയിരുന്നു, എന്നാല്‍ പ്രധാൻ രാജി വയ്ക്കാതെ പിൻമാറില്ലെന്ന നിലപാടിലായിരുന്നു സി.ജെ.പി. പ്രധാനമന്ത്രിയുമായി സംസാരിക്കാമെന്നും ഇന്ന് തീരുമാനമെടുക്കാമെന്നും കേന്ദ്രമന്ത്രിമാർ ഇന്നലെ നടന്ന ചർച്ചയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചില്ലെങ്കില്‍ വരുംദിവസങ്ങളില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന തലത്തിലേക്ക് എത്തുമെന്ന് സി.ജെ.പി നേതാവ് അഭിജിത് ദീപ്കെ ഇന്നലെ മുന്നറിയിപ്പ് നല്‍കി. അപ്രാപ്തനായ ഒരു മന്ത്രിയെ സംരക്ഷിക്കുന്നത് സർക്കാരിന് വൻ തിരിച്ചടിയാകുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി, യുവാക്കള്‍ തെരുവിലിറങ്ങി പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് ഒഴിവാക്കാൻ പ്രധാനെ പുറത്താക്കണമെന്നും സി.ജെ.പി നേതാക്കള്‍ വാദിച്ചു.
ധർമേന്ദ്ര പ്രധാന്റെ രാജി വളരെ എളുപ്പം സ്വീകരിക്കാവുന്ന നടപടിയാണെന്നാണ് സർക്കാർ പറഞ്ഞിരുന്നതെങ്കിലും രാജി ആവശ്യപ്പെടാൻ പ്രധാനമന്ത്രി തയ്യാറായില്ല. സി.ജെ.പി ഉന്നയിച്ച മൂന്ന് ആവശ്യങ്ങളില്‍ രണ്ടെണ്ണവും അപ്പോള്‍ തന്നെ അംഗീകരിച്ച കേന്ദ്രമന്ത്രിമാർ വീദ്യാഭ്യാസ മന്ത്രിയുടെ രാജിക്കാര്യം ചർച്ച ചെയ്യുമെന്നും അറിയിച്ചിരുന്നു. വിദ്യാർത്ഥികളുടെ താത്പര്യത്തെക്കാള്‍ ഒരു മന്ത്രിക്ക് മുൻഗണന നല്‍കുന്നത് രാഷ്ട്രീയമായി തിരിച്ചടി നല്‍കുമെന്ന് കണ്ടാണ് ഒടുവില്‍ രാജി എന്ന തീരുമാനത്തിലേക്ക് എത്തിയത്. ഇന്ന് സി.ജെ.പി നേതാക്കളുമായി ചർച്ച നടക്കുന്നതിന് തൊട്ടുമുമ്പ് ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചൊഴിയുകയായിരുന്നു.

















