യുഡിഎഫ് സർക്കാരില്‍ മന്ത്രിസ്ഥാനം അടക്കം ഉന്നത പദവികള്‍ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് നേതാക്കളെ കബളിപ്പിക്കാൻ ശ്രമിച്ച കേസില്‍ രണ്ട് പേർ അറസ്റ്റില്‍.ഡല്‍ഹി സ്വദേശികളായ നിതിൻ കുമാർ, ഗൗരവ് എന്നിവരെയാണ് കോഴിക്കോട് സിറ്റി സൈബർ പൊലീസ് പിടികൂടിയത്.

പ്രിയങ്കാ ഗാന്ധിയുടെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നതെന്ന വ്യാജേനയാണ് പ്രതികള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഫോണ്‍ സന്ദേശങ്ങള്‍ അയച്ചത്.ആദ്യം എലത്തൂർ എംഎല്‍എ വിദ്യ ബാലകൃഷ്ണനാണ് തട്ടിപ്പ് വിവരം പുറത്തുവിട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“മൂന്നു കോടി രൂപ നല്‍കിയാല്‍ യുഡിഎഫ് സർക്കാർ അധികാരത്തില്‍ വന്നാല്‍ മന്ത്രിപദവി നല്‍കാം” എന്നായിരുന്നു സന്ദേശം.പിന്നാലെ ഷാഫി പറമ്പില്‍ എംപി, ഡീൻ കുര്യാക്കോസ് എംപി തുടങ്ങിയവർക്കും സമാനമായ കോളുകള്‍ ലഭിച്ചു. ഉന്നത പദവികള്‍ വാഗ്ദാനം ചെയ്തുള്ള ഫോണ്‍ വിളികള്‍ സംശയം തോന്നിയതിനെ തുടർന്ന് നേതാക്കള്‍ കോഴിക്കോട് സിറ്റി സൈബർ പൊലീസില്‍ പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കോള്‍ വന്ന സിം കാർഡിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ രണ്ട് മാസം മുമ്പ് ഫോണ്‍ നഷ്ടപ്പെട്ടതായി ഇയാള്‍ പറഞ്ഞു. ഈ മൊഴി കണക്കിലെടുത്ത് മൊബൈല്‍ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് ഡല്‍ഹി സ്വദേശികളായ നിതിനെയും ഗൗരവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ മുമ്പും രാഷ്ട്രീയക്കാരെ കേന്ദ്രീകരിച്ച്‌ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

കേരളത്തിലെ എംഎല്‍എമാരുടെയും എംപിമാരുടെയും ഫോണ്‍ നമ്പറുകള്‍ പ്രതികള്‍ക്ക് എങ്ങനെ ലഭിച്ചു എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്കായി ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക