രാജ്യത്തെ ആരോഗ്യരംഗം നഴ്സുമാരുടെ കടുത്ത ക്ഷാമം നേരിടുന്നതിനിടെ, വിദേശരാജ്യങ്ങളിലേക്കുള്ള നഴ്സുമാരുടെ ഒഴുക്ക് തുടരുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് 1,000 ആളുകള്‍ക്ക് മൂന്ന് നഴ്സുമാരെന്ന അനുപാതമാണുള്ളത്. എന്നാല്‍ ഇന്ത്യയില്‍ ഇത് രണ്ട് നഴ്സുമാരായി താഴുന്നുവെന്നാണ് അസോസിയേഷൻ ഓഫ് നഴ്സ് എക്സിക്യൂട്ടീവ് ഇന്ത്യ വ്യക്തമാക്കുന്നത്.
ഇന്ത്യയില്‍ ലഭിക്കുന്ന താരതമ്യേന കുറഞ്ഞ ശമ്പളമാണ് നഴ്സുമാരെ വിദേശത്തേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. ഇവിടെ ഒരു നഴ്സിന് തുടക്കത്തില്‍ ലഭിക്കുന്ന പ്രതിമാസ വേതനം 20,000 മുതല്‍ 40,000 രൂപ വരെയാണെങ്കില്‍, യൂറോപ്പിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ആശുപത്രികള്‍ അതിന്റെ പലമടങ്ങ് ശമ്പളമാണ് വാഗ്ദാനം ചെയ്യുന്നത്. നഴ്സുമാരുടെ കുറവ് നേരിടുന്ന സ്വിറ്റ്സർലൻഡ് വിദേശ നഴ്സുമാർക്ക് വർഷം 1.23 ലക്ഷം ഡോളർ വരെ ശമ്പളം നല്‍കാൻ തയ്യാറാണ്. ഇന്ത്യൻ രൂപയില്‍ ഇത് ഏകദേശം 11 ലക്ഷം രൂപ പ്രതിമാസ വരുമാനത്തിന് തുല്യമാണ്. ലക്സംബർഗ്, ഡെൻമാർക്ക്, നോർവേ, ഓസ്ട്രേലിയ, കാനഡ, അയർലൻഡ്, യുഎഇ, ജർമനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും ഉയർന്ന ശമ്പളവും മികച്ച തൊഴില്‍ സാഹചര്യങ്ങളും മുന്നോട്ടുവച്ച് നഴ്സുമാരെ ക്ഷണിക്കുകയാണ്.
ജർമനി ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ തൊഴില്‍ വിസാ നടപടികള്‍ ലളിതമാക്കുകയും ആരോഗ്യരംഗത്തെ വിദഗ്ധർക്കായി പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. യുഎസ്, ബെല്‍ജിയം, മാള്‍ട്ട തുടങ്ങിയ രാജ്യങ്ങളും നഴ്സുമാരുടെ ക്ഷാമം പരിഹരിക്കാൻ വിദേശ റിക്രൂട്ട്മെന്റിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. ചില രാജ്യങ്ങള്‍ ഭാഷാപരമായ നിബന്ധനകളില്‍ ഇളവ് വരുത്തിയതും ശ്രദ്ധേയമാണ്.
മികച്ച പരിശീലനവും ഇംഗ്ലീഷ് ഭാഷാപ്രാവീണ്യവുമുള്ള ഇന്ത്യൻ നഴ്സുമാർക്ക് ആഗോളതലത്തില്‍ വലിയ ഡിമാൻഡുണ്ട്. എന്നാല്‍ ഇറ്റലി പോലുള്ള രാജ്യങ്ങളില്‍ ഫിലിപ്പീൻസില്‍ നിന്നുള്ള നഴ്സുമാരുടെ മത്സരം ശക്തമാകുന്നുവെന്നതും പുതിയ വെല്ലുവിളിയാണ്. ഇറ്റലിയും ഫിലിപ്പീൻസും തമ്മില്‍ അടുത്തിടെ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ധാരണയിലെത്തിയിരുന്നു.
നഴ്സുമാരുടെ വിദേശപലായനം തടയാൻ ശമ്പളവർധന, മെച്ചപ്പെട്ട തൊഴില്‍സാഹചര്യങ്ങള്‍, കൂടുതല്‍ പരിശീലന അവസരങ്ങള്‍ എന്നിവ ഉറപ്പാക്കേണ്ടതുണ്ടെന്ന് എഎൻഇഐ ആവശ്യപ്പെടുന്നു. ഇത്തരം നടപടികള്‍ ഇല്ലെങ്കില്‍ രാജ്യത്തെ ആരോഗ്യസംവിധാനത്തിന് ഭാവിയില്‍ കൂടുതല്‍ പ്രതിസന്ധികള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും സംഘടന നല്‍കുന്നു.

















