യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അനധികൃത സ്വത്ത് സമ്ബാദനം നടത്തിയെന്ന് ആരോപിച്ച്‌ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെടി ജലീല്‍. പരമ്ബരാഗത സ്വത്തോ സ്വന്തമായി ജോലിയോ ഇല്ലാത്ത പികെ ഫിറോസ് സെന്റിന് ലക്ഷങ്ങള്‍ വില വരുന്ന സ്ഥലം വാങ്ങിയെന്നും 1 കോടിയുടെ വീട് വെച്ചുവെന്നും കെടി ജലീല്‍ ആരോപിക്കുന്നു. മാത്രമല്ല, പികെ ഫിറോസ് കോഴിക്കോട് ഒരു ട്രാവല്‍ ഏജൻസിയും ഒരു വില്ലാ പ്രോജക്ടും ആരംഭിച്ചിട്ടുണ്ടെന്നും നിരവധി വിദേശയാത്രകള്‍ കുടുംബത്തിനൊപ്പവും തനിച്ചും നടത്തിയിട്ടുണ്ടെന്നും ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പരാതിയില്‍ പറയുന്നു.

പരായിയുടെ പൂർണരൂപം ചുവടെ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

The Director, Vigilance and Anti-Corruption Bearau, Kerala Police Head Quarters, Thiruvananthapuram.

Subject: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം പഞ്ചായത്തില്‍ പത്തിമംഗലത്ത് താമസിക്കുന്ന പി.കെ ഫിറോസ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചതുമായി ബന്ധപ്പെട്ട്.

പ്രിയപ്പെട്ട ഡയറക്ടർ,

കഴിഞ്ഞ 8 വർഷക്കാലമായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാർട്ടിയുടെ യുവജന സംഘടനയായ മുസ്ലിം യൂത്ത് ലീഗിൻ്റെ കേരള സ്റ്റേറ്റ് ജനറല്‍ സെക്രട്ടറിയാണ് പി.കെ ഫിറോസ്. അതിനു മുമ്ബ് പത്ത് വർഷക്കാലം മുസ്ലിംലീഗിൻ്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിൻ്റെ ജില്ലാ-സംസ്ഥാന ഭാരവാഹിത്വവും വഹിച്ചിരുന്നു. അദ്ദേഹത്തിന് പരമ്ബരാഗത സ്വത്തോ സ്വന്തമായി ജോലിയോ ഉള്ളതായി അറിയില്ല.നിയമബിരുദം എടുത്തിട്ടുണ്ടെങ്കിലും ഫിറോസ് അഭിഭാഷകവൃത്തി തൊഴിലായി സ്വീകരിച്ചതായും പറഞ്ഞു കേട്ടിട്ടില്ല. ഉപജീവനത്തിന് പാർട്ടി എന്തെങ്കിലും സാമ്ബത്തിക സഹായം നല്‍കുന്നതായി അറിവുമില്ല.

2011 ല്‍ വിലപിടിപ്പുള്ള 12.5 സെൻ്റ് സ്ഥലം വാങ്ങിയപ്പോള്‍ ആധാരത്തില്‍ ബിസിനസ് എന്നാണ് ചേർത്തിരുന്നത്. അന്നും ഇന്നും അദ്ദേഹം നടത്തുന്ന ബിസിനസുകള്‍ ദുരൂഹമാണ്. എന്നാല്‍ അദ്ദേഹം കഴിഞ്ഞ പത്തുവർഷത്തിനിടയില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചതായി കാണാം. കുടുംബ സ്വത്ത് അനന്തരമായി കിട്ടാൻ ഫിറോസിൻ്റെ പിതാവ് ഒരു സമ്ബന്നനല്ല. അദ്ദേഹം കെ.എസ്.ആർ.ടി.സി-യില്‍ നിന്ന് വിരമിച്ച ഡ്രൈവറാണ്. പതിനഞ്ചു സെൻ്റ് സ്ഥലവും ഒരു കൊച്ചുവീടുമാണ് കുടുംബ സ്വത്തായി ഉള്ളത്. അതാകട്ടെ ഭാഗം വെച്ചിട്ടുമില്ല.

2011-ല്‍ MSF ൻ്റെ സംസ്ഥാന പ്രസിഡണ്ടായിരുന്ന കാലത്താണ് പി.കെ ഫിറോസ് കുന്നമംഗലം വില്ലേജില്‍ കോഴിക്കോട് വയനാട് റോഡിനോട് ചേർന്ന് ഏറ്റവും ചുരുങ്ങിയത് പത്ത് ലക്ഷം രൂപയെങ്കിലും സെൻ്റിന് വില വരുന്ന 12.5 സെൻ്റ് സ്ഥലം വിലകൊടുത്ത് വാങ്ങിയത്. ആധാരത്തിൻ്റെ കോപ്പി ഇതോടൊപ്പം വെക്കുന്നു. അതില്‍ ഒരു കോടി രൂപ വില വരുന്ന ഒരു വീടും അഞ്ചാറു വർഷങ്ങള്‍ക്ക് മുമ്ബ് പണിതു. വീടിൻ്റെ ഫോട്ടോയും പരാതിയോടൊപ്പം വെക്കുന്നു. ഇതേ കാലയളവില്‍ ഫിറോസിൻ്റെ ഭാര്യ ഒരു എയ്ഡഡ് സ്കൂളില്‍ അദ്ധ്യാപക നിയമനം നേടിയതായും കാണുന്നു. “നാട്ടുനടപ്പ്” ഇവിടെയും പാലിക്കപ്പെട്ടന്ന് ഉറപ്പാണ്.

ഇടക്കിടെ ഫിറോസ് തനിച്ചും കുടുംബസമേതവും നിരവധി വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ട്‌. അത് സംബന്ധമായ വിവരങ്ങള്‍ ഫിറോസിൻ്റെ പാസ്പോർട്ട് പരിശോധിച്ചാല്‍ ബോദ്ധ്യമാകും. കാശ്മീരിലെ കത്വയിലും ഉന്നോവയിലും ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട രണ്ട് പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ മുസ്ലിംയുത്ത് ലീഗിൻ്റെ നേതൃത്വത്തില്‍ ഫിറോസ് മേല്‍നോട്ടം വഹിച്ച്‌ സ്വദേശത്തു നിന്നും വിദേശത്തു നിന്നും ഒരു വലിയ ഫണ്ട് സ്വരൂപിച്ചിരുന്നു. ഭീമമായ ഒരു സംഖ്യ ശേഖരിച്ചെങ്കിലും വെറും ആറുലക്ഷം രൂപയാണ് ബന്ധപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കിയത്. 20,000 രൂപയിലധികം രൂപ ആർക്ക് കൈമാറുകയാണെങ്കിലും അത് ബാങ്ക് മുഖേനയാവണമെന്നുള്ള നിയമം ലംഘിച്ചാണ് ഫണ്ടിൻ്റെ നാമമാത്ര വിനിയോഗം പോലും നടന്നിട്ടുള്ളത്. നേരിട്ട് ജില്ലാ കമ്മിറ്റികളില്‍ നിന്ന് സംസ്ഥാന കമ്മിറ്റി കൈപ്പറ്റിയ പണത്തിന് യാതൊരു കണക്കുമില്ല. ഇതുമായി ബന്ധപ്പെട്ട് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ ഒരു കേസ് നിലവിലുണ്ട്.

യൂത്ത് ലീഗിൻ്റെ നേതൃത്വത്തില്‍ 2,72,000 വെള്ള തോതികള്‍ ഒന്നിന് 600 രൂപ വിലയില്‍ കീഴ്കമ്മിറ്റികള്‍ മുഖേന വിറ്റഴിച്ച്‌ നടത്തിയ ഫണ്ട് സമാഹരണത്തിലും വലിയ അഴിമതി നടന്നതായി ആക്ഷേപമുണ്ട്. ഇതിനും നേതൃത്വം നല്‍കിയത് പി.കെ ഫിറോസാണ്. ഈ പണമെല്ലാം ഉപയോഗിച്ചാവണം അദ്ദേഹം കോഴിക്കോട് “Blue Fin” എന്ന പേരില്‍ ഒരു ട്രാവല്‍ ഏജൻസിയും അതേ പേരില്‍ ഒരു വില്ലാ പ്രോജക്ടും ആരംഭിച്ചത്. പ്രൊജക്ടിൻ്റെ ഭാഗമായുള്ള ആദ്യ വില്‍പനയുടെ ഉല്‍ഘാടനം മുസ്ലിംലീഗ് ദേശീയ സെക്രട്ടറിയും മുൻ വ്യവസായ വകുപ്പ് മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയാണ് നിർവ്വഹിച്ചത്. അതിൻ്റെ ഫോട്ടോ ഇതോടൊപ്പം വെക്കുന്നു.

ഗള്‍ഫ് നാടുകളിലും ഫിറോസിന് ബിസിനസ് പങ്കാളിത്തമുള്ളതായി അറിയുന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓരോ ഫണ്ട് കളക്ഷൻ നടന്നാലും അതില്‍ നിന്നുള്ള വലിയൊരു തുക റിവേഴ്സ് ഹവാലയായി ഗള്‍ഫില്‍ എത്തിച്ചാണ് തന്റെ നിക്ഷേപ തുക ടിയാൻ കണ്ടെത്തിയതെന്ന് സംശയിക്കണം. കുറേ സംഖ്യ ഇവിടെയും ചില സംരഭങ്ങളില്‍ നിക്ഷേപം നടത്തിയതിന് തെളിവാണ് “Blue Fin” ട്രാവല്‍സും വില്ലാ പ്രൊജക്ടും.

പി.കെ ഫിറോസിൻ്റെ സാമ്ബത്തിക വളർച്ചയുടെ ദുരൂഹത നിലനില്‍ക്കെയാണ് മയക്കുമരുന്ന് കേസില്‍ അദ്ദേഹത്തിൻ്റെ സഹോദരൻ പി.കെ ജുബൈർ പോലീസ് പിടിയിലാകുന്നത്. ഫിറോസിൻ്റെയും സഹോദരൻ ജുബൈറിൻ്റെയും സാമ്ബത്തിക ഇടപാടുകള്‍ പരിശോധിച്ചാല്‍ അനുജൻ്റെ മയക്കുമരുന്ന് ഇടപാടില്‍ ഫിറോസിന് പങ്കുണ്ടോ എന്ന കാര്യം വ്യക്തമാകും. കണ്ണു ചിമ്മി തുറക്കുന്ന വേഗതയില്‍ കോടികളുടെ സമ്ബാദ്യത്തിൻ്റെ ഉടമയായി മാറിയ പൊതുപ്രവർത്തകൻ കൂടിയായ പി.കെ ഫിറോസിൻ്റെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദനം സമഗ്രമായി അന്വേഷിക്കണമെന്ന് താല്‍പര്യപ്പെടുന്നു.

സ്നേഹപൂർവ്വം

ഡോ:കെ.ടി.ജലീല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക