സ്വിറ്റ്സർലൻഡിന്റെ സമനില പൂട്ട് പൊളിക്കാൻ അർജന്റീനയ്ക്ക് 112ാമത്തെ മിനിറ്റ് വരെ പൊരുതേണ്ടി വന്നു.ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയാണ് ക്വാർട്ടർ ഫൈനലില്‍ 3-1ന് ആല്‍ബിസെലസ്റ്റുകള്‍ ജയിച്ചുകയറിയത്. മെസിയുടെ ലോകകപ്പ് മത്സരങ്ങളിലെ തുടർച്ചയായ ഗോള്‍വേട്ടയ്ക്ക് തടയിട്ട മത്സരം കൂടിയായി ഇത് മാറി.
എന്നാല്‍ ഏറ്റവും കൂടുതല്‍ ലോകകപ്പ് ഗോള്‍ കോണ്‍ട്രിബ്യൂഷൻ എന്ന റെക്കോർഡില്‍ മെസിയാണ് ഒന്നാമത്. സ്വിറ്റ്സർലൻഡിന് എതിരായ മത്സരത്തിന് ഇടയില്‍ മെസി റഫറിയോട് ക്ഷുഭിതനായി സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.
അർജന്റീനയുടെ മത്സരങ്ങളില്‍ റഫറിയും ഫിഫയും മെസിക്കും കൂട്ടർക്കും അനുകൂലമായി തീരുമാനങ്ങളെടുക്കുന്നു എന്ന വിമർശനങ്ങള്‍ ശക്തമാണ്. ഈജിപ്ത് ഫുട്ബോള്‍ ടീം കോച്ചും താരങ്ങളും പരസ്യമായി ഇക്കാര്യം ആരോപിക്കുകയും ചെയ്തു. എന്നാലിപ്പോള്‍ തന്നോട് മാന്യമായി സംസാരിക്കണം എന്ന് റഫറിയോട് മെസി പറയുന്ന വീഡിയോയാണ് പുറത്തുവരുന്നത്.
ആദ്യ പകുതിയില്‍ പോർച്ചുഗീസ് റഫറി ജാവോ പെഡ്രോ പിൻഹീറോയുമായാണ് മെസി കൊമ്പുകോർത്തത്. സ്വിറ്റ്‌സർലൻഡിന്റെ ഒരു ഫ്രീ കിക്കിന് തൊട്ടുമുമ്പായിരുന്നു ഈ സംഭവം. അർജന്റീനയുടെ ഡിഫെൻസീവ് വാളിന്റെ ഭാഗമായി നിന്ന മെസിയോട് കൃത്യമായ അകലം പാലിക്കാൻ റഫറി പിൻഹീറോ നിർദ്ദേശിച്ചു. എന്നാല്‍ റഫറിയുടെ പെരുമാറ്റത്തിലും സംസാരിച്ച രീതിയിലും പ്രകോപിതനായ അർജന്റീന ക്യാപ്റ്റൻ പെട്ടെന്ന് തന്നെ മറുപടി നല്‍കി, “എന്നോട് മര്യാദയ്ക്ക് സംസാരിക്കൂ.”
“എന്നോട് മര്യാദയ്ക്ക് സംസാരിക്കൂ. എന്നോട് അപമര്യാദയായി പെരുമാറരുത്. എന്നോട് മര്യാദയ്ക്ക് സംസാരിക്കൂ. ഞാൻ നിങ്ങളോട് മര്യാദയ്ക്കാണ് സംസാരിച്ചത്,” മെസി റഫറിയോട് പറഞ്ഞതായാണ് റിപ്പോർട്ടുകള്‍. ഇതിന്റെ ദൃശ്യങ്ങളും വ്യപകമായി പ്രചരിക്കുന്നു.
ആരാണ് അർജന്റീന-സ്വിറ്റ്‌സർലൻഡ് മത്സരത്തിലെ റഫറി ജാവോ പിൻഹീറോ?
പോർച്ചുഗലിലെ വിലാ നോവ ഡി ഫമാലിക്കാവോയില്‍ ജനിച്ച 38 കാരനായ ജാവോ പെഡ്രോ പിൻഹീറോ, യൂറോപ്പിലെ ഏറ്റവും മികച്ച യുവ റഫറിമാരില്‍ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. 2015ല്‍ പോർച്ചുഗീസ് ഒന്നാം ഡിവിഷനില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം തൊട്ടടുത്ത വർഷം തന്നെ ഫിഫയുടെ അന്താരാഷ്ട്ര ബാഡ്ജ് സ്വന്തമാക്കി.
യൂറോപ്യൻ ഫുട്ബോളിലെ അദ്ദേഹത്തിന്റെ കൃത്യമായ വളർച്ച യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, 2025 ലെ യുവേഫ സൂപ്പർ കപ്പ് എന്നിവയുള്‍പ്പെടെയുള്ള വലിയ ടൂർണമെന്റുകളില്‍ നിയന്ത്രിക്കാൻ അദ്ദേഹത്തിന് അവസരമൊരുക്കി. ഈ മികച്ച യോഗ്യതകളാണ് 2026 ലോകകപ്പ് എന്ന ആഗോള വേദിയിലെ ഔദ്യോഗിക പാനലിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.












