ഇന്റർ മയാമിയില്‍ മെസി സന്തുഷ്ടനല്ലെന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നത്.സഹതാരങ്ങളുടെ കളിയുടെ നിലവാരത്തില്‍ അർജന്റീനയുടെ ഇതിഹാസ താരത്തിന് വലിയ അതൃപ്തിയുണ്ടെന്ന് ഇന്റർ മയാമി പരിശീലകൻ തന്നെ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ റഫറിയോട് ക്ഷുഭിതനായി മഞ്ഞക്കാർഡ് വാങ്ങുന്ന മെസിയുടെ ദൃശ്യങ്ങളാണ് എംഎല്‍എസില്‍ നിന്ന് വരുന്നത്.

സാൻ ജോസിനെതിരായ മത്സരത്തില്‍ ഇന്റർ മയാമി 3-3ന്റെ സമനില വഴങ്ങിയിരുന്നു. ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് പിന്നാലെ മെസി റഫറിക്ക് നേരെ ക്ഷുഭിതനായി എത്തി. പൊതുവെ ശാന്തനായി ഗ്രൗണ്ടില്‍ പ്രത്യക്ഷപ്പെടുന്ന മെസിയെ ക്ഷുഭിതനായി കണ്ടതിന്റെ ഞെട്ടലിലുമായി ആരാധകർ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റഫറിയോട് കയർത്ത് സംസാരിച്ചതിന് മെസിക്ക് മഞ്ഞക്കാർഡ് ലഭിച്ചു. ഇന്റർ മയാമി താരത്തിനെതിരായ ഫൗളിന് നേർക്ക് റഫറി കണ്ണടച്ചതാണ് മെസിയെ പ്രകോപിപ്പിച്ചത്. ഇരുടീമും കട്ടയ്ക്ക് നിന്ന് കളിച്ച മത്സരത്തില്‍ ആ ഫൗള്‍ ഇന്റർ മയാമിക്ക് അനുകൂലമായി വിധിച്ചിരുന്നു എങ്കില്‍ ഒരുപക്ഷേ വിജയ ഗോളിലേക്ക് എത്താൻ സാധിക്കുമായിരുന്നു എന്ന് ആരാധകരും പറയുന്നു.

മഞ്ഞ കാർഡ് കാണിച്ചതിന് പിന്നാലെ റഫറി മെസിക്ക് താക്കീതും നല്‍കി. ഇനിയും ഇത് തുടർന്നാല്‍ റെഡ് കാർഡ് പുറത്തെടുക്കുമെന്നായി റഫറി. ക്ഷുഭിതനായ മെസി പല ആരാധകർക്കും കൗതുകമായി. മാത്രമല്ല എംഎല്‍എസിലെ റഫറിയിങ് നിലവാരം വലിയ തോതില്‍ ഈ സംഭവത്തോടെ ചർച്ചയാവുകയും ചെയ്തു.

സീസണില്‍ എംഎല്‍എസ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് ഇന്റർ മയാമി. 12 കളിയില്‍ നിന്ന് ഇന്റർ മയാമി ജയിച്ചത് ആറ് കളിയില്‍ മാത്രം. കഴിഞ്ഞ മത്സരത്തില്‍ സഹതാരങ്ങള്‍ ജയം ആഘോഷിച്ച്‌ ഗ്രൗണ്ടില്‍ നിന്നപ്പോള്‍ മെസി തനിച്ച്‌ മത്സരം കഴിഞ്ഞ ഉടനെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയതും ചർച്ചയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക