കാഫിർ സ്ക്രീൻഷോട്ട് കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്കറെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് പ്രതിയെ വടകര ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തത്.വ്യാജ സ്ക്രീൻഷോട്ട് ആദ്യം പങ്കുവെച്ച ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്കറെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ രണ്ടാമത്തെ ആഴ്ചയാണ് അറസ്റ്റിലേക്ക് കടക്കുന്നത്.

ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മറ്റി മെമ്പറും സിപിഎം തിരുവള്ളൂർ തുരുത്തി ലോക്കല്‍ കമ്മറ്റി അംഗവുമാണ് ജിതിൻ ഭാസ്‍കർ. വടകര സ്ക്വാഡ് എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ ജിതിൻ ഭാസ്കറാണ് സ്ക്രീൻഷോട്ട് ഗ്രൂപ്പില്‍ ആദ്യം പങ്കുവെച്ചത്. ഈ ഗ്രൂപ്പില്‍ നിന്നാണ് മറ്റിടങ്ങളിലേക്ക് വ്യാപകമായി പ്രചരിച്ചത്. നേരത്തെ ചോദ്യം ചെയ്തിരുന്ന ജിതിൻ ഭാസ്കറിനെ ഇന്ന് വീണ്ടും വിളിച്ച്‌ വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആരാണ് സ്ക്രീൻഷോട്ട് നിർമ്മിച്ചത്, ആരുടെ എങ്കിലും നിർദേശം പിന്നിലുണ്ടോ, പ്രചരിപ്പിച്ചതിന് പിന്നില്‍ ആരുടെയെങ്കിലും ഇടപെടലുകള്‍ ഉണ്ടോ എന്നിവ എല്ലാം ഇനിയും കണ്ടെത്തണം. അതിന് അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. 2014ലെ കേസായതിനാല്‍ ഐപിസി വകുപ്പുകളാണ് ചുമത്തിയത്. സാമുദായിക ഐക്യം തകർക്കല്‍, കലാപത്തിനുള്ള ശ്രമം, തെളിവ് നശിപ്പിക്കല്‍, കുറ്റം ചെയ്യാനുള്ള പ്രേരണ അടക്കമുള്ള വകുപ്പുകളാണ് ചേർത്തത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിം ആയും കെകെ ശൈലജയെ കാഫിറായും ചിത്രീകരിച്ച്‌ യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിനെ ഇരയാക്കിയാണ് പോസ്റ്റ് പ്രചരിപ്പിച്ചത്. റെഡ് എൻകൗണ്ടർ വാട്സാപ്പ് ഗ്രൂപ്പിലും ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണനിലും എത്തി നിലച്ച അവസ്ഥയിലായിരുന്നു മുൻ അന്വേഷണം. ഡിവൈഎഫ്‌ഐ നേതാവ് തന്നെ പ്രതിയായതോടെ സിപിഎം നേതൃത്വവും പ്രതിരോധത്തിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക