പശ്‌ചിമഘട്ടത്തിലെ ഏറ്റവും നിഗൂഢമായ ശുദ്ധജല മത്സ്യ വംശാവലികളിലൊന്നിനെക്കുറിച്ചുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള പരിണാമ സമസ്യ പരിഹരിച്ച് ശാസ്‌ത്രജ്‌ഞര്‍ പുതിയൊരു മത്സ്യയിനത്തെ കണ്ടെത്തി.പെരിയാര്‍ കടുവ സങ്കേതത്തില്‍ പെരിയാര്‍ നദിയുടെ ഉത്ഭവസ്‌ഥലത്തുള്ള അരുവികളില്‍നിന്നും കണ്ടെത്തിയിരിക്കുന്ന പുതിയ ഇനം മത്സ്യത്തിന് ഈച്ചത്തലക്കണ്ട ഇന്‍കോഗ്നിറ്റ (ഋലരവമവേമഹമസലിറമ ശിരീഴിശമേ) എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
2022 മുതല്‍ 2025 വരെയുള്ള കാലയളവില്‍ കേരള വനം വന്യജീവി വകുപ്പിന്റെ സഹകരണത്തോടെ കേരള സര്‍വകലാശാലയിലെ ഗവേഷകയായ ശ്വേത ചന്ദ്ര (സെന്റ് സ്‌റ്റീഫന്‍സ് കോളജ്, പത്തനാപുരം) കേരള ഫിഷറീസ് സമുദ്രഗവേഷണ സര്‍വ്വകലാശാലയിലെ അധ്യാപകന്‍ ഡോ. രാജീവ് രാഘവന്‍, ചെങ്ങന്നൂര്‍ ക്രിസ്‌ത്യന്‍ കോളജിലെ അധ്യാപകന്‍ ഡോ. അഭിലാഷ് രവിമോഹനന്‍, ജര്‍മനിയിലെ സെന്‍കെന്‍ബെര്‍ഗ് നാച്ചുറല്‍ ഹിസ്‌റ്ററി മ്യൂസിയത്തിലെ ഡോ. റാല്‍ഫ് ബ്രിറ്റ്‌സ് , ന്യൂ ഡല്‍ഹി ശിവ് നാടാര്‍ സര്‍വകലാശാലയിലെ ഡോ. നീലേഷ് ദഹനുകര്‍, കുഫോസ്- ലെ റയാന്‍ ബാബു എന്നിവര്‍ ചേര്‍ന്ന് നടത്തിയ പഠനത്തില്‍ ആണ് പുതിയ മത്സ്യത്തെ കണ്ടെത്തിയിരിക്കുന്നത്.
1941ല്‍ കേരളത്തിലെ പമ്പാനദിയില്‍ നിന്ന് ബി. സുന്ദരരാജ് കണ്ടെത്തിയ, ഒരൊറ്റ മത്സ്യയിനത്തിനായി 1999ലാണ് ഈച്ചത്തലക്കണ്ട എന്ന ജനുസ് രൂപീകരിച്ചത്. അതിനുശേഷം പെരിയാറിലും പമ്പയിലും കഴിഞ്ഞ 80 വര്‍ഷമായി കാണുന്ന മത്സ്യത്തിനെ ശാസ്‌ത്രലോകം ഈച്ചത്തലക്കണ്ട ഒഫിസെഫാല എന്ന ഒരൊറ്റ ഇനമായി കണക്കാക്കുകയായിരുന്നു. മൈറ്റോകോണ്‍ട്രിയല്‍ ഡി.എന്‍.എ. സ്വീക്വന്‍സിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഗവേഷകര്‍ ഈ മത്സ്യത്തിന്റെ തന്മാത്രാ വിന്യാസത്തെ അനാവരണം ചെയ്‌തതിലൂടെയാണ് ഇവ തികച്ചും വ്യത്യസ്‌തമായ രണ്ട് മത്സ്യയിനങ്ങളാണെന്ന് ബോധ്യപ്പെട്ടത്.
ജനിതകപരമായി രണ്ട് ഇനങ്ങള്‍ തമ്മില്‍ 4.9 ശതമാനം മുതല്‍ 5.3 ശതമാനം വരെ വ്യക്‌തമായ വ്യത്യാസമുണ്ട്. കൂടാതെ, ചെതുമ്പലുകളുടെ ആകൃതിയിലും കൈ ചിറകുകളിലെ രശ്‌മികളുടെ എണ്ണത്തിലും ഈ മത്സ്യങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങളുണ്ട്. ഈ പഠനങ്ങളിലൂടെ ഈച്ചത്തലക്കണ്ട എന്ന മുഴുവന്‍ ജനുസിനെയും സൈപ്രിനിഡ് കുടുംബത്തിലെ ടോറിനേ എന്ന ഉപകുടുംബത്തില്‍ കൃത്യമായി ഉള്‍പ്പെടുത്താന്‍ ഗവേഷണ സംഘത്തിന് കഴിഞ്ഞു.





