ചുമതലയേറ്റെടുത്ത നാള്‍ മുതല്‍ കസേരയിലിരുന്ന് കടമകള്‍ നിറവേറ്റുന്ന ഐഎഎസുകാർ അനവധിയുണ്ടെങ്കിലും ഉത്തരവാദിത്വങ്ങള്‍ക്കിടയില്‍ കലയ്‌ക്കും സാഹിത്യത്തിനുമെല്ലാം തുല്യപ്രധാന്യം നല്‍കി ജനങ്ങളെ വിസ്മയിപ്പിച്ചയാളാണ് ഡോ. ദിവ്യ എസ് അയ്യർ. ആലാപനത്തിലൂടെയും എഴുത്തിലൂടെയും നൃത്തത്തിലൂടെയുമൊക്കെ കാഴ്ചക്കാരെ കയ്യിലെടുത്ത ഐഎഎസുകാരിയും പത്തനംതിട്ട മുൻ കളക്ടറുമായ ഡോ. ദിവ്യയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാകാറുണ്ട്. ഇത്തവണ ഓഫീസില്‍ ഓണം ആഘോഷിച്ച ഡോ. ദിവ്യ എസ് അയ്യർ, റിഹേഴ്സലില്ലാതെ ഇൻസ്റ്റന്റ് തിരുവാതിര കളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
ഇതിന്റെ ദൃശ്യങ്ങള്‍ ഡോ. ദിവ്യ എസ് അയ്യർ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നതും.”ഓണത്തിനു ഇൻസ്റ്റന്റ് പായസം എന്ന പോലെ ഓഫീസില്‍ അരങ്ങേറിയ ഒരു ഇൻസ്റ്റന്റ് തിരുവാതിരക്കളി.. സുന്ദരിമാരായ സഹപ്രവർത്തകർ കൈകൊട്ടിക്കളിക്കുന്നത് കണ്ടുനിന്നപ്പോള്‍, ഒന്നൂടി കളിച്ചാല്‍ ഒപ്പം കൂടാമെന്ന് ഞാനും, റിഹേഴ്സലിനു പോയില്ലെങ്കിലും ഒപ്പം കൂട്ടാമെന്നു അവരും” – എന്ന അടിക്കുറിപ്പോടെയാണ് അവർ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോക്ക് താഴെ മുൻ കളക്ടറെ പ്രകീർത്തിച്ച് നിരവധി കമന്റുകളും എത്തി. മേലുദ്യോഗസ്ഥയുടെ കിരീടം ഇറക്കി വച്ചൊരു തിരുവാതിരക്കളി.. അധികാരം ചിരിച്ചുനിന്ന മുഹൂർത്തം എന്നായിരുന്നു ഒരാളുടെ പ്രതികരണം. അധികാര ഗർവില്ലാത്ത സൗമ്യമായ ഇടപെടല്‍, നാട്യങ്ങളില്ലാത്തയാള്‍, എന്നിങ്ങനെ മുൻ കളക്ടറെ പ്രശംസിച്ച് നിരവധി പേർ കമന്റ് ചെയ്യാനെത്തി.

















