എല്‍ഡിഎഫ് സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചു തയാറാക്കിയ മുദ്രാഗാനം ദിവ്യ.എസ്.അയ്യർ ആലപിക്കുന്ന വിഡിയോ വൈറല്‍. ‘പരസ്പരം ചിരിക്കണം’ എന്നു തുടങ്ങുന്ന മുരുകൻ കാട്ടാക്കടയുടെ വരികള്‍ക്കാണ് ദിവ്യ.എസ്.അയ്യർ ശബ്ദം നല്‍കിയത്. എല്‍ഡിഎഫ് സർക്കാരിന്റെ ഒമ്ബത് വർഷത്തെ വികസന മുന്നേറ്റങ്ങളെക്കുറിച്ചുള്ളതാണ് പാട്ട്.
മുരുകൻ കാട്ടാക്കടയ്ക്കൊപ്പം ദിവ്യ.എസ്.അയ്യർ ഗാനം ആലപിക്കുന്ന വിഡിയോ അദ്ദേഹമാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ‘ഒരു സിവില്‍ സർവന്റ് എന്ന നിലയില്‍ താൻ പ്രതിനിധാനം ചെയ്യുന്ന സർക്കാരിനോട് ആത്മാർഥതയും സത്യസന്ധതയും കൂറും പുലർത്തുന്ന നിഷ്പക്ഷയായ ഒരു ഉദ്യോഗസ്ഥയാണ് ദിവ്യ.എസ്.അയ്യർ’ എന്ന ആമുഖത്തോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.മുദ്രാഗാനം പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ദിവ്യയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.
‘അതിമനോഹരം’, ‘കഴിവുള്ള ഐഎഎസ്സുകാരി, കഴിവുള്ള കലാകാരി കൂടിയാണ്’ എന്നിങ്ങനെ ദിവ്യയെ അനുകൂലിച്ചുള്ള ചില കമന്റുകള്‍. ‘ഇവർക്ക് ഇതിനാണോ ശമ്ബളം കൊടുക്കുന്നത്’ എന്നുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. പല വേദികളിലും പാട്ടുപാടി ശ്രദ്ധനേടിയിട്ടുള്ള ഐഎഎസ് ഉദ്യോഗസ്ഥയാണ് ദിവ്യ.എസ്.അയ്യർ.

















