അരുവിക്കര മുൻ എം.എല്‍.എ ആയ കെ.എസ് ശബരീനാഥിന് രാഷ്ട്രീയത്തില്‍ പാരയാവുന്നതിപ്പോള്‍ ഭാര്യയായ ദിവ്യ എസ്.അയ്യരുടെ നിലപാടുകളാണ്. അനുദിനം ശബരീനാഥിനോടുള്ള എതിർപ്പ് കോണ്‍ഗ്രസ്സ് പ്രവർത്തകർക്കിടയില്‍ വർദ്ധിച്ചു വരുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. അതിന് പ്രധാന കാരണം, ശബരീയുടെ ഭാര്യയായ ദിവ്യ എസ്. അയ്യരുടെ നിലപാടുകള്‍ തന്നെയാണ്. കേരളത്തില്‍ എന്നല്ല, രാജ്യത്ത് തന്നെ, സർവ്വീസിലുള്ള ഒരു ഐഎഎസ് ഓഫീസറും ചെയ്യാത്ത പ്രവർത്തികളാണ് ദിവ്യ എസ്.അയ്യർ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.
സംസ്ഥാന സർക്കാറിൻ്റെ ഭാഗമായ ഈ ഐഎഎസ് ഉദ്യോഗസ്ഥ, സകല അധികാര പരിധികളും ലംഘിച്ച് നടത്തുന്ന ഇടപെടലുകളും, ഭരണപക്ഷത്തെ പുകഴ്ത്തുന്നതുമാണ്, കോണ്‍ഗ്രസ്സ് പ്രവർത്തകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഒരു രണ്ടാംകിട യൂട്യൂബറുടെ നിലവാരത്തിലേക്ക് ഈ ഐഎഎസ് ഉദ്യോഗസ്ഥ പലപ്പോഴും തരംതാണു എന്നത് സമീപകാലത്തെ ഇവരുടെ പ്രവർത്തികള്‍ പരിശോധിച്ചാല്‍ ആർക്കും തന്നെ മനസ്സിലാക്കാവുന്ന കാര്യമാണ്. ഇവിടെ ശബരീനാഥിന് വെല്ലുവിളിയാകുന്നത് മുഖ്യമന്ത്രിയോടും മറ്റു ചില മന്ത്രിമാരോടും ഇടതുപക്ഷത്തോടുമുള്ള ദിവ്യ എസ് അയ്യരുടെ അതിരുവിട്ട സമീപനവും പുകഴ്ത്തലുമാണ്.
ഏറ്റവും ഒടുവില്‍, ഇടത് സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ മുദ്രാഗാനം ദിവ്യ ആലപിച്ചതും കോണ്‍ഗ്രസ്സ് പ്രവർത്തകരെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സ് നേതാവിൻ്റെ ഭാര്യ സർക്കാറിനെ സ്തുതിച്ച് പാടുന്നത് ചില ഇടതുപക്ഷ പ്രൊഫൈലുകള്‍ കോണ്‍ഗ്രസ്സുകാരെ ട്രോളാനായി ഉപയോഗപ്പെടുത്തിയപ്പോള്‍, പാർട്ടിക്ക് അകത്ത് വെട്ടിലായിരിക്കുന്നത് ശബരീനാഥാണ്.ദിവ്യ എസ്. അയ്യരേക്കാള്‍ മികച്ച രീതിയില്‍ പാടാൻ ശേഷിയുള്ള ഹരിതയെ പോലുള്ള ഐഎഎസ് ഓഫീസർമാർ ഇത്തരം പ്രീണനത്തിന് നിന്നു കൊടുക്കാതെ ഐഎഎസുകാരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിച്ചപ്പോള്‍ ദിവ്യ അങ്ങോട്ട് ചെന്ന് താല്‍പ്പര്യമെടുത്ത് പാടുകയാണ് ഉണ്ടായതെന്നാണ് ലഭിക്കുന്ന സൂചന.
ഇത്തരം ഒരു നിലപാടിലേക്ക് അവർ പോയതിന് പിന്നില്‍ വ്യക്തിപരമായ താല്‍പ്പര്യമാണുള്ളത് എന്നാണ് കോണ്‍ഗ്രസ്സ് പ്രവർത്തകർ സംശയിക്കുന്നത്. അതായത്, ദിവ്യക്ക് എതിരായി വരാൻ സാധ്യതയുള്ള നടപടികള്‍ ചെറുക്കാൻ സർക്കാറിൻ്റെ ഒരു കൈ സഹായം അവർ പ്രതീക്ഷിക്കുന്നുണ്ടത്രെ. ദിവ്യ എസ്. അയ്യർക്ക് എതിരായ രണ്ട് പരാതികളാണ് നിലവില്‍ സർക്കാറിൻ്റെ പരിഗണനയില്‍ ഉള്ളത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ കെ രാഗേഷ് സി.പി.എം ജില്ലാ സെക്രട്ടറിയായി പോയപ്പോള്‍, ‘കർണ്ണന് പോലും അസൂയ തോന്നുന്ന കെ.കെ ആർ കവചം’ എന്ന് ചൂണ്ടിക്കാട്ടി ദിവ്യ ഇൻസ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റാണ്. ഇത് പെരുമാറ്റചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയാണ് ആദ്യം വന്നിരിക്കുന്നത്. രണ്ടാമത്തേത് തിരുവനന്തപുരത്തെ സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ച് നല്‍കിയതു സംബന്ധമായി വിജിലൻസിന് മുൻപാകെയുള്ള പരാതിയാണ്. ഇതില്‍ ആദ്യത്തെ പരാതിയില്‍ സർക്കാർ നടപടി എടുക്കാതെ ഒഴിവാക്കിയാലും, രണ്ടാമത്തെ പരാതിയില്‍ സർക്കാർ വിചാരിച്ചാല്‍ പോലും ദിവ്യ എസ്. അയ്യരെ നടപടിയില്‍ നിന്നും രക്ഷപ്പെടുത്താൻ കഴിയുകയില്ല. കാരണം, ഭൂമി പതിച്ചു നല്‍കിയ സംഭവത്തില്‍, രണ്ട് ഐ.എ.എസ് ഓഫീസർമാരുടെ റിപ്പോർട്ടുകളും ദിവ്യ എസ് അയ്യർക്ക് എതിരാണ്.
വർക്കല അയിരൂർ വില്ലേജില്‍ സ്വകാര്യവ്യക്തി കൈവശം വച്ചിരുന്ന 27 സെൻ്റ് ഭൂമിയാണ്, സബ് കളക്ടറായിരിക്കെ ദിവ്യ എസ് അയ്യർ സ്വകാര്യ വ്യക്തിക്ക് പതിച്ച് നല്‍കിയിരുന്നത്. പുറമ്ബോക്കാണെന്നു കണ്ടെത്തി വർക്കല തഹസീല്‍ദാർ എറ്റെടുത്തിരുന്ന ഭൂമിയാണ്, സ്വകാര്യ വ്യക്തിയുടെ മാത്രം വാദം കേട്ട ശേഷം ദിവ്യ എസ് അയ്യർ പതിച്ചു നല്‍കിയിരുന്നത്. ഈ സംഭവത്തില്‍ സബ് കളക്ടർക്ക് എതിരെ ആദ്യം നടപടി ആവശ്യപ്പെട്ടത് സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മറ്റിയാണ്. അന്ന് വർക്കല എം.എല്‍.എ ആയിരുന്ന വി. ജോയി ഇതു സംബന്ധമായി സർക്കാറിന് പരാതി നല്‍കുകയും ചെയ്തിരുന്നു. തുടർന്ന് ഇതു സംബന്ധമായി ജില്ലാ കളക്ടറും ലാൻഡ് റവന്യൂ കമ്മീഷണറും നല്‍കിയ റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തില്‍, ഭൂമി പതിച്ച് നല്‍കിയ നടപടി റദ്ദാക്കുകയും ദിവ്യ എസ് അയ്യരെ സർക്കാർ സ്ഥലം മാറ്റുകയുമുണ്ടായി.
ദിവ്യ എസ്.അയ്യരുടെ സസ്പെൻഷൻ എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും അത് സംഭവിച്ചിരുന്നില്ല. അന്ന് മുതലാണ്, ദിവ്യ എസ്. അയ്യർ ഇടത്തോട്ട് ചാഞ്ഞിരുന്നത്. അന്നുവരെ സർക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ചാനല്‍ ചർച്ചകളില്‍ കടന്നാക്രമിച്ചിരുന്ന ശബരിനാഥൻ്റെ വീറും വാശിയും ചോർന്ന് പോയതും ഈ സന്ദർഭം മുതലാണ്. ഭൂമി പതിച്ചു നല്‍കിയ സംഭവത്തില്‍ അന്നത്തെ ജില്ലാ കളക്ടർ വാസുകിയും ലാൻഡ് റവന്യൂ കമ്മീഷണറും നല്‍കിയ റിപ്പോർട്ടുകള്‍ മുൻ നിർത്തി ദിവ്യ എസ്. അയ്യർക്ക് എതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് അഡ്വക്കേറ്റ് ഷാജഹാൻ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിലും ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദ ഭൂമിയിടപാട് സർക്കാർ റദ്ദാക്കിയെങ്കിലും, തിരുവനന്തപുരം ജില്ലാ കളക്ടറുടെയും ലാൻഡ് റവന്യു കമ്മീഷണറുടെയും റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ വിജിലൻസിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടി വരുമെന്നാണ് നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. അതല്ലെങ്കില്‍ കോടതി ഇടപെടല്‍ വരെ ഉണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ട്.
അരുവിക്കരയില്‍ ഇനി ശബരീനാഥിനെ മത്സരിപ്പിച്ചാല്‍ പാഠം പഠിപ്പിക്കുമെന്ന മുന്നറിയിപ്പും കോണ്‍ഗ്രസ്സ് പ്രവർത്തകർ നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. കെ.കെ രാഗേഷിനെ പ്രശംസിച്ചത് വിവാദമായിട്ടു പോലും അതൊന്നും തന്നെ വകവയ്ക്കാതെ വിപ്ലവഗാനങ്ങളുടെ മോഡലില്‍ സർക്കാർ അനുകൂല പാട്ട് പാടിയ ദിവ്യയുടെ നടപടി ധിക്കാരം മാത്രമല്ല, പ്രതിപക്ഷത്തോടുള്ള വെല്ലുവിളികൂടിയായിട്ടാണ് മുതിർന്ന കോണ്‍ഗ്രസ്സ് നേതാക്കളും വിലയിരുത്തുന്നത്.

















