മാട്രിമോണിയല്‍ സൈറ്റും സമൂഹമാധ്യമങ്ങളും വഴി പരിചയപ്പെടുന്ന യുവാക്കളെ ജീവിത പങ്കാളിയാക്കാമെന്നും, ബിസിനസ് പാർട്ണർ ആക്കാമെന്നും പറഞ്ഞ് പലരില്‍ നിന്നും പല പേരുകളിലായി കോടികള്‍ തട്ടിയെടുത്ത യുവതി പിടിയിലായി.ആലുവ എടത്തല സ്വദേശിനി ഷംല ഷമീർ (29) ആണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

2024 സെപ്റ്റംബർ മൂന്നാം തീയതി മുതല്‍ 2024 നവംബർ 20 വരെയുള്ള കാലയളവില്‍ പല ദിവസങ്ങളിലായാണ് ഇവർ പണം കൈക്കലാക്കിയത്. ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിള്‍ പേ വഴിയും പണം കൈക്കലാക്കിയ ഇവർ യുവാവിനെ ബിസിനസ് പാർട്ണർ ആക്കുകയോ, പണം തിരികെ നല്‍കുകയോ ചെയ്തില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടർന്ന് യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പെരുമ്പാവൂർ പൊലീസ് പ്രതിയെ ഓടക്കാടിയിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. വയനാട് , കോഴിക്കോട്, മലപ്പുറം, കോതമംഗലം ആലുവ അടക്കമുള്ള വിവിധ പ്രദേശങ്ങളില്‍ നിന്ന് സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട യുവാക്കളില്‍ നിന്നും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ പരിചയത്തിലാകുന്ന യുവാക്കളില്‍ നിന്ന് ആദ്യം ചെറിയ തുക ആവശ്യപ്പെടും. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി ബിസിനസ്സ് പാർട്ണർ ആക്കാം എന്ന വാഗ്ദാനം നല്‍കി കൂടുതല്‍ തുക വാങ്ങുകയാണ് പതിവ്. എറണാകുളത്തെ ഒരു പ്രമുഖ മാളിലേക്ക് ക്യാരി ബാഗുകള്‍ എത്തിക്കുന്നതിന്റെ ഓർഡർ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കോതമംഗലം സ്വദേശിയില്‍ നിന്ന് 20 ലക്ഷത്തോളം രൂപയും ആലുവ സ്വദേശിയില്‍ നിന്ന് 11 ലക്ഷം രൂപയും കബളിപ്പിയെടുത്തെന്നും പൊലീസ് പറഞ്ഞു.

വിവാഹിതയായിരുന്ന യുവതി തട്ടിപ്പിലൂടെ സ്വന്തമാക്കിയിരുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പെരുമ്പാവൂർ എഎസ്പി ഹർദ്ദിക് മീണയുടെ നിർദ്ദേശാനുസരണം രൂപീകരിച്ച അന്വേഷണ സംഘത്തില്‍ പെരുമ്പാവൂർ ഇൻസ്പെക്ടർ അനില്‍കുമാർ എല്‍, എസ്‌ഐമാരായ അസരിഫ് ഷഫീഖ് , ജോജോ ജോർജ്, വിഷ്ണു മുരളി , എഎസ്‌ഐ സുബൈർ എം ബി സീനിയർ സിപിഒമാരായ രജിത് രാജൻ , ജയന്തി എം ബി, മുഹമ്മദ് ഷാൻ സി പി ഒ മാരായ നജ്മി എ കെ , സിബിൻ എന്നിവരാണുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക