സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ വേനലവധിക്കാലത്ത് സ്പെഷ്യല്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം മാർച്ച്‌ മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതല്‍ മേയ് മാസം വരെ കുട്ടികള്‍ക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ്. ഇത് കൃത്യമായി പാലിക്കപ്പെടേണ്ടതുണ്ടെന്നും ചട്ടവിരുദ്ധമായി ക്ലാസുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ചുട്ടുപൊള്ളുന്ന വേനല്‍ചൂട് കണക്കിലെടുത്ത് തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ സർക്കാർ പുതുക്കിയ തൊഴില്‍ സമയക്രമം നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍, കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കുന്നത് അവരുടെ മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ്. കഠിനമായ ചൂടില്‍ സ്കൂളുകളിലെ പഠന അന്തരീക്ഷം കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ബാലാവകാശ കമ്മീഷന്റെയും കോടതികളുടെയും മുൻ ഉത്തരവുകള്‍ പ്രകാരം കുട്ടികളുടെ അവധിക്കാലം തടസ്സപ്പെടുത്താൻ ആർക്കും അവകാശമില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകള്‍ക്ക് പുറമെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങി എല്ലാ സ്ട്രീമുകളില്‍ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളും ഈ നിർദ്ദേശം പാലിക്കാൻ ബാധ്യസ്ഥരാണ്. അവധിക്കാല ക്ലാസുകള്‍ കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉന്മേഷത്തെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ യാതൊരു കാരണവശാലും സ്പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ലെന്നും ഇത് ലംഘിക്കുന്ന വിദ്യാലയങ്ങളെ നിരീക്ഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക