ലൈംഗിക ആരോപണങ്ങളില്‍ പ്രതിരോധത്തിലായ യൂത്ത് കോണ്‍ഗ്രസ് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിടില്ലെന്ന തൻ്റെ മുൻ നിലപാട് ലംഘിച്ച് മന്ത്രി വി ശിവൻകുട്ടി സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. വി. ശിവൻകുട്ടി തന്നെയാണ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചത്. മന്ത്രി എം.ബി രാജേഷും ഇവർക്കൊപ്പം വേദിയില്‍ ഉണ്ടായിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മന്ത്രി വി ശിവൻകുട്ടി നേരത്തെ അതിരൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ലൈംഗിക ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് ശിവൻകുട്ടി ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. കുട്ടികള്‍ക്കു മുന്നില്‍ ഇത്തരത്തില്‍ ഒരാള്‍ വരുന്നത് ആർക്കും താല്‍പര്യമുണ്ടാകില്ല. അതിനാല്‍ രാഹുല്‍ സ്വയം സംഘാടക സമിതി രൂപീകരണ യോഗത്തില്‍നിന്ന് ഒഴിവാകുന്നതാണ് നല്ലത്,” എന്നും മന്ത്രി പരസ്യമായി നിലപാടെടുത്തിരുന്നു.
അതില്‍നിന്നെല്ലാം തീർത്തും വിരുദ്ധമായ നിലപാടാണ് മന്ത്രി ഇന്ന് സ്വീകരിച്ചത്. “ബോധപൂർവം ഒരാളെ ചവിട്ടി താഴത്തേണ്ട കാര്യമില്ല. കുറ്റക്കാരൻ ആണെങ്കില്‍ വിട്ടു വീഴ്ച്ചയും ഉണ്ടാകില്ല. അയാളുടെ മണ്ഡലത്തിലാണ് പരിപാടി നടന്നത്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ ഒഴിവാക്കി നിർത്തുന്നത് ശരിയല്ലെന്നാണ് നിലപാട്. ഔദ്യോഗിക പരിപാടിയിലാണ് രാഹുലുമായി വേദി പങ്കിട്ടത്. രാഹുലിനെ അയോഗ്യനാക്കിയിട്ടില്ലെന്നും ബോധപൂർവം ഒരാളെ ചവിട്ടി താഴ്ത്തേണ്ട കാര്യമില്ലെന്നും” മന്ത്രി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ അഹങ്കാരത്തിനും ധിക്കാരത്തിനും കയ്യും കാലും വെച്ച വ്യക്തിയാണെന്ന് പറഞ്ഞ മന്ത്രി ശിവൻകുട്ടി ഇപ്പോള്‍ മറുകണ്ടം ചാടിയിരിക്കുകയാണ്. വിഷയം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചർച്ചയായിട്ടുണ്ട്.
പാലക്കാടാണ് സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള നടക്കുന്നത്. 14 ജില്ലകളില്‍ നിന്നായി പതിനായിരത്തോളം ശാസ്ത്ര പ്രതിഭകളാണ് മേളയില്‍ പങ്കെടുക്കുന്നത്. ശാസ്ത്രം, ഗണിതം, ഐ.ടി, പ്രവൃത്തി പരിചയം, സാമൂഹ്യശാസ്ത്രം, വൊക്കേഷണല്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മാനുവല്‍ പരിഷ്കരിച്ച ശേഷമുള്ള സമ്ബൂർണ ശാസ്ത്രമേള ആറ് വേദികളിലായാണ് നടക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം മന്ത്രിമാർ വേദി പങ്കിട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി കൗണ്‍സിലർ അടക്കമുള്ളവർ ചടങ്ങ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോയതായും റിപ്പോർട്ടുകളുണ്ട്.

















