പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിന് പിന്നാലെ ആം ആദ്മി പാർട്ടി രാജ്യസഭാ എംപിയും മുതിർന്ന നേതാവുമായ രാഘവ് ഛദ്ദയ്ക്ക് കേന്ദ്ര സർക്കാരിന്റെ സുരക്ഷാ പരിരക്ഷ ലഭിച്ചതായി റിപ്പോർട്ടുകള്‍.പാർലമെന്റില്‍ പഞ്ചാബിന്റെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതില്‍ ഛദ്ദ പരാജയപ്പെട്ടുവെന്ന് ആരോപിച്ച്‌ സ്വന്തം പാർട്ടിയിലെ നേതാക്കള്‍ തന്നെ അദ്ദേഹത്തിനെതിരെ പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഈ അപ്രതീക്ഷിത നീക്കം.

റിപ്പോർട്ടുകള്‍ പ്രകാരം, ഡല്‍ഹിയിലും പഞ്ചാബിലും ഛദ്ദയ്ക്ക് കേന്ദ്രം ‘Z’ കാറ്റഗറി സുരക്ഷ നല്‍കും. രാജ്യത്തെ മറ്റ് ഭാഗങ്ങളില്‍ അദ്ദേഹത്തിന് ‘Y’ കാറ്റഗറി സുരക്ഷയും ഒരുക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പഞ്ചാബിന്റെ നിർണ്ണായക പ്രശ്നങ്ങള്‍ പാർലമെന്റില്‍ ഉന്നയിക്കുന്നതില്‍ രാഘവ് ഛദ്ദ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് എഎപി നേതാക്കള്‍ ആരോപിച്ചു. പഞ്ചാബ് ധനമന്ത്രി ഹർപാല്‍ സിംഗ് ചീമ, സംസ്ഥാന എഎപി അധ്യക്ഷൻ അമൻ അറോറ, മുതിർന്ന നേതാവ് കുല്‍ദീപ് സിംഗ് ധാലിവാള്‍ എന്നിവർ സംയുക്തമായാണ് പ്രസ്താവനയിറക്കിയത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ നിർഭയമായി ഉന്നയിക്കുക എന്ന പാർട്ടിയുടെ അടിസ്ഥാന തത്വത്തിന് വിരുദ്ധമാണ് ഛദ്ദയുടെ മൗനമെന്നും, ഇത് അങ്ങേയറ്റം നിരാശാജനകമാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

പഞ്ചാബിലെ എംഎല്‍എമാർ വോട്ട് ചെയ്ത് രാജ്യസഭയിലേക്ക് അയച്ച രാഘവ് ഛദ്ദ, സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ദേശീയ തലത്തില്‍ ശക്തമായി അവതരിപ്പിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നതെന്ന് ധനമന്ത്രി ഹർപാല്‍ സിംഗ് ചീമ പറഞ്ഞു. എന്നാല്‍ പഞ്ചാബുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വിഷയം പോലും അദ്ദേഹം പാർലമെന്റില്‍ ഉന്നയിച്ചില്ല എന്നാണ് പരാതി.

പാർട്ടിയുടെ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്ന് വ്യക്തമാക്കി രാഘവ് ഛദ്ദ രംഗത്തെത്തി. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിക്കാനാണ് താൻ പാർലമെന്റില്‍ പോകുന്നതെന്നും, അല്ലാതെ അവിടെ പോയി വെറുതെ ബഹളമുണ്ടാക്കാനല്ലെന്നും അദ്ദേഹം തിരിച്ചടിച്ചു. അടുത്തിടെ താൻ പുറത്തുവിട്ട ഒരു വീഡിയോ സന്ദേശത്തില്‍, ‘ഞാൻ നിശബ്ദനാക്കപ്പെട്ടിരിക്കാം, പക്ഷേ പരാജയപ്പെട്ടിട്ടില്ല’ എന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു.

ഒരു കാലത്ത് അരവിന്ദ് കെജ്‌രിവാളിന്റെ ഏറ്റവും വലിയ വിശ്വസ്തനും, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എംപിമാരില്‍ ഒരാളുമായിരുന്ന ഛദ്ദയുടെ ഈ മാറ്റം പാർട്ടിക്കുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക