വി.എം. സുധീരനുശേഷം തൃശൂരില്‍നിന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന പ്രസിഡന്‍റായി ഒ.ജെ. ജനീഷ്. 1975ല്‍ പ്രസിഡന്‍റായ സുധീരൻ രണ്ടുവർഷം യുവജനവിഭാഗത്തെ നയിച്ചു. അരനൂറ്റാണ്ടിനുശേഷമാണ് തൃശൂരിലേക്കു പദവിയെത്തുന്നത്.
2023 മുതല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റാണ് മാള കുഴൂർ സ്വദേശി ജനീഷ്. കെഎസ്‌യുവിലൂടെയാണ് രാഷ്‌ട്രീയത്തില്‍ സജീവമായത്. പെരുന്പാവൂർ പോളിടെക്നിക്കിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റായിരുന്നു.2007ല്‍ കെഎസ്‌യു മാള നിയോജകമണ്ഡലം പ്രസിഡന്‍റും 2012ല്‍ തൃശൂർ ജില്ലാ വൈസ് പ്രസിഡന്‍റുമായി. 2017ല്‍ കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡന്‍റായി.
2010 മുതല്‍ 2012 വരെ യൂത്ത് കോണ്‍ഗ്രസ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റ്, 2020-23വരെ തൃശൂർ ജില്ലാ പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവർത്തിച്ചു.പാലിയേക്കരയിലെ ടോള്‍ പിരിവിനെതിരായ സമരത്തിലടക്കം തെരുവിലും കോടതിയിലും പോരാടി. ടോള്‍ പിരിവു നിർത്തിവയ്ക്കുന്നതിലേക്കു നയിച്ച കോടതി ഉത്തരവിലെ പരാതിക്കാരില്‍ ഒരാളും ജനീഷാണ്.രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ച് ഒന്നര മാസത്തിനുശേഷമാണ് ജനീഷിന്‍റെ നിയമനം.











