ലൈംഗിക പീഡന പരാതിയില്‍ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെതിരെ നടപടിക്ക് ഫെഫ്ക. ഡയറക്‌ട്ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റി നിർത്തുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു.ഇതുസംബന്ധിച്ച് ഇരു യൂണിയനുകളിലെയും ജനറല്‍ സെക്രട്ടറിമാർക്ക് നിർദേശം നല്‍കി.
ലൈംഗികാതിക്രമമുണ്ടായതായി യുവനടി ഫെഫ്കയ്ക്ക് പരാതി നല്‍കിയിട്ടില്ല. സിനിമയില്‍ ഐസിസി ഉണ്ട്. എന്നാല്‍ ഐസിസിക്കും നടി പരാതി നല്‍കിയിട്ടില്ലെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. മജിസ്ട്രേറ്റിൻ്റെ മുന്നില്‍ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് രഞ്ജിത്തിൻ്റെ അറസ്റ്റ് ഉണ്ടായത്. കാരവാനില്‍ വെച്ച് ലൈംഗിക അതിക്രമം നേരിട്ടെന്നാണ് യുവനടിയുടെ പരാതി.
സംവിധായകൻ രഞ്ജിത്തിനെതിരെ ഉയരുന്നത് മൂന്നാമത്തെ പീഡന കേസ് ആണ്. നേരത്തെ സമാനമായ രണ്ടു കേസുകള്‍ രഞ്ജിത്തിനെതിരെ ഉയർന്നിരുന്നു. രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നും ബംഗാളി നടി 2024 ല്‍ വെളിപ്പെടുത്തിയിരുന്നു. 2009-ല്‍ ‘പാലേരി മാണിക്യം’ സിനിമയുടെ ചിത്രീകരണത്തിനിടെ കൊച്ചിയിലെ ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു സംഭവം എന്നായിരുന്നു ആരോപണം. 2012 ല്‍ ബെംഗളൂരുവിലെ ഫൈവ് സ്റ്റാർ ഹോട്ടലില്‍ വെച്ച് സംവിധായകൻ രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് പരാതി നല്‍കിയിരുന്നു. ‘ബാവുട്ടിയുടെ നാമത്തില്‍’ സിനിമയുടെ ലൊക്കേഷനില്‍ വെച്ച് പരിചയപ്പെട്ട ശേഷം ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും നഗ്നചിത്രങ്ങള്‍ എടുത്തെന്നും യുവാവ് മൊഴി നല്‍കിയിരുന്നു.

















