നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി ഡിസിസി നിർദേശിച്ചത് കെ മുരളീധരനെ ആണ് എന്ന് തെളിയിക്കുന്ന കത്ത് ഇന്നലെയാണ് പുറത്തുവന്നത്.
ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ ദേശീയ നേതൃത്വത്തിന് അയച്ച കത്താണ് പുറത്തുവന്നത്. സീറ്റ് നിലനിർത്താൻ മുരളീധരൻ യോഗ്യനാണ് എന്നാണ് കത്തില്‍ പറഞ്ഞിരുന്നത്. കത്ത് പുറത്ത് വന്നതോടുകൂടി കോണ്‍ഗ്രസ് പാളയത്തില്‍ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുൻപാണ് ഈ കത്ത് അയച്ചിട്ടുള്ളത്. ഇതിപ്പോള്‍ തന്നെ പുറത്തുവന്നതിന് പിന്നില്‍ ആസൂത്രിത നീക്കം ഉണ്ടെന്നാണ് നേതൃത്വം സംശയിക്കുന്നത്.
ഉപതിരഞ്ഞെടുപ്പ് ചൂടില്‍ കേരളം തിളക്കുന്നതിനിടയില്‍ ഏറ്റവും കൂടുതല്‍ ചർച്ചയായത് പാലക്കാട് തന്നെയാണ്. കോണ്‍ഗ്രസ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം തടയുക എന്ന ലക്ഷ്യമാണ് ഇപ്പോള്‍ ഈ കത്ത് പുറത്ത് വിട്ടതിന് പിന്നിലെന്നാണ് നേതൃത്വത്തിന്റെ സംശയം. രാഹുലിനെ സ്ഥാനാർത്ഥിയാക്കാൻ പ്രതിപക്ഷ നേതാവും ഷാഫി പറമ്ബിലും അടങ്ങുന്ന കോക്കസ് ആണ് പ്രവർത്തിച്ചത് എന്ന് നേരത്തെ കോണ്‍ഗ്രസ് വിട്ട ഡോ. പി സാരിനും എ കെ ഷാനിബും ആരോപിച്ചിരുന്നു.
രാഹുല്‍ ജയിക്കാൻ പോകുന്നില്ല എന്ന യുഡിഎഫിന്റെ കുറ്റസമ്മതമാണ് ഡിസിസി പ്രസിഡന്റിന്റെ കത്ത് എന്ന് പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർത്ഥി പി സരിൻ പ്രതികരിച്ചിട്ടുണ്ട്. ഇനിയും പുറത്തു വരാൻ പലതും ഉണ്ടെന്നും ഇലക്ഷന് മുമ്ബേ യുഡിഎഫ് തോല്‍വി സമ്മതിച്ചുവെന്നും സരിൻ പറഞ്ഞു. തോല്‍ക്കാൻ നിർത്തിയ ഒരു സ്ഥാനാർത്ഥിക്ക് ജനം എന്തിന് വോട്ട് ചെയ്യണമെന്നും സരിൻ ചോദിച്ചു. തോല്‍ക്കാൻ വേണ്ടി ഒരു സ്ഥാനാർഥിയെ നിർത്തുന്നു എന്നാണ് യുഡിഎഫ് വോട്ടർമാരോട് പറയുന്നത്. പാർട്ടിക്കും മുന്നണിക്കും ആത്മവിശ്വാസം നല്‍കാത്ത ഒരു സ്ഥാനാർഥിയെ ആണ് യുഡിഎഫ് കൊണ്ടു നടക്കുന്നതെന്നും സരിൻ പറഞ്ഞു.
എന്നാല്‍, ലെറ്റർ ബോംബ് നിർവീര്യമായെന്നും കത്ത് പുറത്ത് വന്നത് തന്‍റെ വിജയം തടയില്ലെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. കെ മുരളീധരൻ കേരളത്തില്‍ എവിടെയും നിർത്താവുന്ന മികച്ച സ്ഥാനാർത്ഥിയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ പോരെന്ന് കത്തില്‍ പറയുന്നില്ല. കത്ത് കൊടുത്ത ഡിസിസി പ്രസിഡണ്ട് തന്നോടൊപ്പം പ്രചാരണത്തില്‍ സജീവമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.
കത്ത് തന്നെയോ പ്രതിപക്ഷ നേതാവിനെയോ ലക്ഷ്യം വെച്ചാണെന്ന് കരുതുന്നില്ല. യുഡിഎഫ് ക്യാമ്ബിന് കത്ത് യാതൊരു വിധത്തിലുള്ള അലോസരവും ഉണ്ടാക്കുന്നില്ല. തെരഞ്ഞെടുപ്പിന് മുൻപ് പല പേരുകളും കമ്മിറ്റികള്‍ നല്‍കാറുണ്ട്. മുരളീധരൻ വേണമെന്ന് ആഗ്രഹിക്കുന്നവർ കത്ത് പുറത്ത് കൊടുത്തിട്ടുണ്ടാകാം. അവരും ചിലരും ചേർന്നുള്ള കൂട്ടുകെട്ട് ഇപ്പോള്‍ പുറത്ത് വിട്ടതാകാമെന്നും രാഹുല്‍ പറഞ്ഞു.

















