കെപിസിസി- ഡിസിസി പുനഃസംഘടനയില്‍ പൊട്ടിത്തെറി. പട്ടിക തയാറാക്കിയതില്‍ എതിർപ്പറിയിച്ച്‌ എംപിമാര്‍ രാഹുല്‍ഗാന്ധിക്ക് പരാതി നല്‍കി. വര്‍ക്കിങ് പ്രസിഡൻ്റുമാരായ ഷാഫി പറമ്ബിലും വിഷ്ണുനാഥും ചേര്‍ന്നാണ് പട്ടിക തയാറാക്കിയതെന്ന് പരാതിയില്‍ പറയുന്നു. കൂടിയാലോചന എന്ന പേരില്‍ നടന്നത് പ്രഹസനമാണെന്നാണ് കെ. സുധാകരന്‍റെ പരാതി. ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് പലയിടത്തും നിര്‍ദേശിച്ചത് ഒറ്റപ്പേര് മാത്രമാണെന്നും ആക്ഷേപമുണ്ട്.

കൊടിക്കുന്നേല്‍ സുരേഷ്, ബെന്നിബഹ്നാൻ, എം കെ രാഘവൻ അടക്കമുള്ളവരുമായി ഹൈക്കമാൻ് വീണ്ടും ചർച്ച നടത്തും. അവസാന വട്ട കൂടിക്കാഴ്ചകള്‍ നടത്തി ഈയാഴ്ച തന്നെ പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം.കെപിസിസി-ഡിസിസി ഭാരവാഹികളുടെ പാനല്‍ പട്ടികയില്‍ കേരള എംപിമാർ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഡല്‍ഹിയിലെ വസതിയില്‍ കെ. സുധാകരൻ , ബെന്നി ബെഹ്നാൻ , എം.കെ. രാഘവൻ അടക്കമുള്ളവർ യോഗം ചേർന്നിരുന്നു. എല്ലാവരുമായി കൂടിയാലോചിച്ച്‌ പുനഃസംഘടന പൂർത്തിയാക്കുമെന്നായിരുന്നു യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം ഒൻപത് ഡിസിസികളില്‍ അധ്യക്ഷന്മാർ മാറുമെന്നാണ് വിവരം. തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട് ഒഴികെയുള്ള ഡിസിസികളില്‍ മാറ്റമുണ്ടാകുമെന്നാണ് സൂചന. തൃശൂരില്‍ പുതിയതായി നിയമിച്ച അധ്യക്ഷനാണ്. മറ്റു നാലിടങ്ങളിലെ പ്രവർത്തനം വിലയിരുത്തികൊണ്ടാണ് മാറ്റം വേണ്ടെന്ന നിലപാടിലെത്തിയത്. എന്നാല്‍ ഇതിനോട് എല്ലാ നേതാക്കളും യോജിച്ചിട്ടില്ല.

ചുരുക്കപ്പട്ടിക നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മൂന്നും നാലും വരെ പേരുകളാണ് ഓരോ ജില്ലയില്‍ നിന്നും ഉയരുന്നത്. പേരുകളുടെ കാര്യത്തിലും സമവായത്തിലെത്താൻ നേതാക്കള്‍ക്കായിട്ടില്ല. നിലവില്‍ കൊണ്ടുവന്ന മാനദണ്ഡങ്ങളില്‍ വ്യക്തത കുറവുണ്ടെന്നാണ് നേതാക്കളുടെ നിലപാട്. ചുമതല മാറുന്നതോടെ, ഡിസിസി അധ്യക്ഷന്മാരെ കെപിസിസി ഭാരവാഹിത്വത്തിലേക്ക് മാറ്റാനാണ് നീക്കം. മുതിർന്ന നേതാക്കള്‍ക്കും യുവജനങ്ങള്‍ക്കും കെപിസിസി ചുമതല നല്‍കിയേക്കും. അങ്ങനെയെങ്കില്‍ കെപിസിസിക്ക് വരിക ജംബോ കമ്മറ്റി ആകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക