അതിമാരകമായ സോംബി ഡ്രഗ് ഭീതിയില് ഇന്ത്യ. ചണ്ഡിഗഢില്നിന്നുള്ള ദൃശ്യങ്ങളാണ് രാജ്യമെമ്പാടും ഇപ്പോള് ഭയത്തോടെ കാണുന്നത്.നഗരത്തിലെ സെക്ടര് 33ബി-യില് ബ്ലിങ്കിറ്റ് ഡെലിവറി ഏജന്റ് രണ്ടു മണിക്കൂറോളം ഒരേനില്പ്പു നില്ക്കുന്ന ദൃശ്യങ്ങള് പുറത്തുവന്നതോടെയാണ് ജനങ്ങള്ക്കിടയില് ആശങ്ക പടര്ന്നത്.
ചുണ്ടില് ബീഡിയുമായി, ചുറ്റുപാടുകളെക്കുറിച്ച് യാതൊരു ബോധവുമില്ലാതെ ഒരു ദിശയിലേക്കു നോക്കി പ്രതികരണമില്ലാതെ നില്ക്കുന്ന യുവാവിനെയാണു പ്രദേശവാസികള് കണ്ടത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില് പ്രചരിച്ചതോടെ മാരകമായ സോംബി ഡ്രഗ് ഇന്ത്യയിലുമെത്തിയോ എന്ന ചര്ച്ചകള്ക്കു സംഭവം വഴിതുറന്നു.
ഏകദേശം രണ്ടു മുതല് രണ്ടര മണിക്കൂര് വരെ യുവാവ് ഇതേ അവസ്ഥയില് തുടര്ന്നതായാണു ദൃക്സാക്ഷികള് പറയുന്നത്. ആദ്യം കൗതുകത്തോടെ നോക്കിനിന്ന നാട്ടുകാര്, സമയം പിന്നിട്ടിട്ടും ഇയാള് അനങ്ങാത്തതിനെത്തുടര്ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര് യുവാവിനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. ഇയാളുടെ അവസ്ഥയ്ക്കു പിന്നിലെ യഥാര്ഥ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ലഹരിമരുന്നിന്റെ ഉപയോഗമാണോ അതോ മറ്റ് ആരോഗ്യപ്രശ്നങ്ങളാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
സംഭവത്തിന്റെ വീഡിയോ എക്സില് വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് വരുന്നത്. വിദേശരാജ്യങ്ങളില് കണ്ടുവരുന്ന സോംബി ഡ്രഗ് ഇന്ത്യയിലെത്തിയെന്നു ചിലര് ആശങ്കപ്പെടുമ്പോള്, ജോലിഭാരം മൂലമുള്ള തളര്ച്ചയോ മറ്റ് അസുഖങ്ങളോ ആകാം സംഭവത്തിനു പിന്നിലെന്നു മറ്റു ചിലര് ചൂണ്ടിക്കാട്ടുന്നു. യുവാവിന്റെ കണ്ണുകള് തുറന്നിരുന്നെങ്കിലും പരിസരബോധം പൂര്ണമായും നഷ്ടപ്പെട്ട നിലയിലായിരുന്നുവെന്ന് വീഡിയോ പങ്കുവച്ച വ്യക്തി കുറിച്ചു.
സംഭവം ഇന്ത്യയിലെ തൊഴിലാളികള് നേരിടുന്ന കഠിനമായ ജോലി സാഹചര്യങ്ങളെക്കുറിച്ചുള്ള ചര്ച്ചകള്ക്കും തുടക്കമിട്ടിട്ടുണ്ട്. അതിവേഗ ഡെലിവറി ആപ്പുകളുടെ സമ്മര്ദവും, വിശ്രമമില്ലാത്ത ജോലിയും യുവാക്കളുടെ ശാരീരിക-മാനസിക ആരോഗ്യത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്ന കാര്യത്തില് വിദഗ്ധര് ആശങ്ക പ്രകടിപ്പിക്കുന്നു. ലഹരിമരുന്ന് ഉപയോഗം മുതല് കടുത്ത നിര്ജലീകരണം വരെ ഇത്തരം അവസ്ഥയ്ക്കു കാരണമാകാമെന്നും ചിലര് അഭിപ്രായപ്പെടുന്നു.

















