ഇന്ത്യയിലെത്തുന്ന വിദേശത്ത് നിന്നുള്ളവർ മിക്കവാറും അവരുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് കാല്‍നടയായി യാത്ര ചെയ്യുന്ന ആലീസിയ എന്ന യുവതിയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
യാത്ര തുടങ്ങുന്നതിന് മുൻപ് ഇന്ത്യയില്‍ പോകുമ്പോള്‍ സൂക്ഷിക്കണം എന്നാണ് പലരും തനിക്ക് മുന്നറിയിപ്പ് നല്‍കിയത് എന്ന് ആലീസിയ വീഡിയോയില്‍ പറയുന്നത് കാണാം. എന്നാല്‍ തന്റെ അനുഭവം തികച്ചും വ്യത്യസ്തമായിരുന്നു എന്നാണ് അവർ പറയുന്നത്.’ഇന്ത്യയില്‍ പോകുമ്പോള്‍ സൂക്ഷിക്കണം എന്നാണ് എല്ലാവരും എന്നോട് പറഞ്ഞിരുന്നത്. എന്തിനെയാണ് സൂക്ഷിക്കേണ്ടത്? ഇവിടുത്തെ മനുഷ്യരെ ഇത്രയധികം സ്നേഹിച്ചു പോകുന്നതിനെയാണോ? ഓരോ നിമിഷവും ഞാൻ അത്ഭുതപ്പെടുകയാണ്. എല്ലാവരും എന്നെ സഹായിക്കുന്നു. ഇത് അതിമനോഹരം തന്നെ’ എന്നാണ് അലീസിയ പറയുന്നത്.
തന്റെ യാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ പാവം ഒരു മനുഷ്യൻ തനിക്ക് കുടിവെള്ളം വാങ്ങി നല്‍കിയ സംഭവമാണ് ആലീസിയ എടുത്തു പറയുന്നത്. തന്റെ പക്കല്‍ പണമില്ലെന്ന് തോന്നിയിട്ടാകണം, ആ മനുഷ്യൻ ഒരു കുപ്പി വെള്ളം വാങ്ങി നിർബന്ധപൂർവ്വം തനിക്ക് നല്‍കിയെന്ന് അവർ പറയുന്നു. ‘അദ്ദേഹത്തിന് ഒരുപക്ഷേ ഭക്ഷണം കഴിക്കാൻ പോലും പണം കാണില്ലായിരിക്കാം, എന്നിട്ടും എനിക്ക് ദാഹിക്കുന്നുണ്ടാകുമെന്ന് കരുതി തന്നോട് ആ സ്നേഹം കാണിച്ചു’ ആലീസിയ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.

















