ജീവിക്കാൻ വേണ്ടിയാണ് ആളുകള്‍ ജോലി ചെയ്യുന്നത്. എന്നാല്‍, ഇന്ന് പലരുടേയും മാനസികാരോഗ്യം തന്നെ ജോലി കാരണം നഷ്ടപ്പെടുന്ന അവസ്ഥയാണ്. അത് തന്നെയാണ് സ്വാതി എന്ന യുവതി തന്റെ സോഷ്യല്‍ മീഡിയയിലൂടെ പറയാൻ ശ്രമിക്കുന്നതും. ജോലി നഷ്ടപ്പെടുന്നതിനേക്കാള്‍ ഭയാനകമായ മറ്റൊന്നുണ്ട്, അത് നിങ്ങളെത്തന്നെ നഷ്ടപ്പെടുന്നതാണ് എന്നാണ് 24 -കാരിയായ സ്വാതി ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ് ഈ പോസ്റ്റ്. പുതിയ കാലത്തെ തൊഴില്‍ സംസ്കാരം വ്യക്തികളുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നാണ് സ്വാതി തന്റെ പോസ്റ്റില്‍ പറയാൻ ശ്രമിക്കുന്നത്.’ജോലി പോകുന്നതിനേക്കാള്‍ പേടിപ്പെടുത്തുന്നതെന്താണെന്ന് അറിയാമോ? നിങ്ങള്‍ ഈ അവസ്ഥയില്‍ എത്തുന്നത് കാണുന്നതാണ്’ എന്ന വാക്കുകളോടെയാണ് സ്വാതി തന്റെ വീഡിയോ ആരംഭിക്കുന്നത് തന്നെ. ഉറക്കം, സമാധാനം, ആത്മവിശ്വാസം എന്നിവ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഓട്ടം ഭയാനകമാണെന്ന് അവള്‍ പറയുന്നു. പണം സമ്പാദിക്കുമ്പോഴും സ്വന്തം സന്തോഷം പണയപ്പെടുത്തേണ്ടി വരുന്ന അവസ്ഥയെ കുറിച്ചാണ് അവള്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലനില്‍പ്പിന് വേണ്ടി സമാധാനം ബലികഴിക്കേണ്ടി വരുന്ന സാഹചര്യമാണ് ഇവിടെയുണ്ടാവുന്നത്. മാനസികാരോഗ്യത്തേക്കാള്‍ ജോലിക്ക് മുൻഗണന നല്‍കാനാണ് നമ്മുടെ സമൂഹം നമ്മെ നിർബന്ധിക്കുന്നത്. ബില്ലുകള്‍ അടയ്ക്കണം, കുടുംബം നോക്കണം, ഇതിനിടയില്‍ മാനസികാരോഗ്യം എന്നത് പലപ്പോഴും രണ്ടാമത്തെ കാര്യമായി മാറുന്നുവെന്നും സ്വാതി സൂചിപ്പിക്കുന്നു. ഉള്ളില്‍ തകർന്നു നില്‍ക്കുമ്പോഴും പുഞ്ചിരിയോടെ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകളുടെ പ്രതിനിധിയാണ് താനെന്നാണ് അവള്‍ പറയുന്നത്.

മിശ്രപ്രതികരണങ്ങളാണ് ഈ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. പലരും സ്വാതിയുടെ വാക്കുകളോട് യോജിച്ചപ്പോള്‍, പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ചവരും കുറവല്ല. ‘ഒരു കുടുംബം മുഴുവൻ പോറ്റാനുള്ളപ്പോള്‍, ജോലി ഇല്ലാത്ത അവസ്ഥയാണ് ഇതിലും ഭീകരം’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും കിട്ടുന്നത് തുച്ഛമായ വരുമാനം മാത്രമാണ്’ എന്നായിരുന്നു മറ്റൊരാള്‍ക്ക് പറയാനുണ്ടായിരുന്നത്. അതേസമയം, ‘എല്ലാവരും ഇങ്ങനെ തന്നെയാണ്, ഇതില്‍ നിനക്ക് മാത്രം എന്താണ് പ്രത്യേകത? ഇഷ്ടമില്ലെങ്കില്‍ ജോലി വിട്ടു പൊയ്ക്കൂടെ?’ എന്ന് ചോദിച്ചുകൊണ്ട് സ്വാതിയെ വിമർശിച്ചവരുമുണ്ട്. എങ്കിലും, ജോലിഭാരവും മാനസിക സമ്മർദ്ദവും തുറന്നു പറയേണ്ട ഒന്നാണെന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക