ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിലെ മഹ്‌റോണി പ്രദേശത്തെ മദ്യശാലകള്‍ അടിച്ചുതകർത്ത് സ്ത്രീകള്‍. അതിക്രമങ്ങള്‍ വർധിക്കുകയും, ഇത് സംബന്ധിച്ച്‌ നല്‍കിയ പരാതികളില്‍ അധികാരികള്‍ നടപടിയെടുക്കാൻ വിമുഖത കാണിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധം. നൂറോളം വരുന്ന സ്ത്രീകള്‍ രണ്ട് മദ്യശാലകള്‍ അടിച്ചു തകർക്കുകയായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ മദ്യക്കുപ്പികള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞു.

മദ്യശാലകള്‍ക്ക് സമീപത്ത് സ്ത്രീകള്‍ക്ക് നിരന്തരം പീഡനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി പലതവണ പരാതികള്‍ നല്‍കിയിട്ടും അധികാരികള്‍ ഗൗരവമായി പരിഗണിച്ചില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇതില്‍ മനംനൊന്താണ് കൂട്ടായ പ്രതിഷേധത്തിലേക്ക് നീങ്ങിയതെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി സ്ത്രീകള്‍ ആദ്യം പ്രധാന റോഡ് ഉപരോധിച്ചു. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കുന്നില്ലെന്ന് കണ്ടതോടെ പ്രതിഷേധം മദ്യശാലകള്‍ തകർക്കുന്നതിലേക്ക് നീങ്ങുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ത്രീകള്‍ രണ്ട് മദ്യശാലകളുടെയും പൂട്ടുകള്‍ തകർത്ത് അകത്തുകടന്നു. തുടർന്ന് കടയ്ക്കുള്ളിലെ മദ്യക്കുപ്പികളും മറ്റ് സാധനങ്ങളും നശിപ്പിക്കുകയായിരുന്നു. മുദ്രാവാക്യം വിളിച്ചുകൊണ്ട് ലക്ഷക്കണക്കിന് രൂപ വിലവരുന്ന മദ്യക്കുപ്പികള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞ് തകർക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ചില പുരുഷന്മാരും ഈ പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അതിവേഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. സ്ത്രീകളുടെ പരാതികളില്‍ നടപടിയെടുക്കാത്ത സാഹചര്യത്തില്‍ ഇത്തരം പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളെ അനുകൂലിച്ച്‌ രംഗത്തെത്തി. മദ്യശാലകള്‍ തകർത്തതിനേക്കാള്‍ പ്രധാനമായി സ്ത്രീകളുടെ പരാതികളില്‍ എന്തുകൊണ്ട് നടപടിയുണ്ടായില്ല എന്ന ചോദ്യമാണ് ഉയരേണ്ടതെന്നും ചിലർ എക്സില്‍ (ട്വിറ്റർ) കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക