കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ഭർത്താവിനെ ഭാര്യ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ, ദാമ്പത്യ ബന്ധങ്ങളില്‍ പുരുഷന്മാർ നേരിടുന്ന ഗാർഹിക പീഡനത്തെക്കുറിച്ചുള്ള ചർച്ചകള്‍ ശക്തമാകുന്നു. ഗാർഹിക പീഡനത്തിന് സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ഇരകളാകുന്നുണ്ടെന്ന വാദമാണ് ഈ ദൃശ്യങ്ങള്‍ വീണ്ടും പങ്കുവെക്കുന്നതിലൂടെ മുന്നോട്ടുവയ്ക്കപ്പെടുന്നത്. മധ്യപ്രദേശിലെ സത്‌ന സ്വദേശിയായ ഒരാളാണ് ഭാര്യയുടെ പീഡനം രേഖപ്പെടുത്തിയ വിഡിയോ നേരത്തേ പങ്കുവച്ചത്.
ദാമ്പത്യജീവിതത്തില്‍ തുടർച്ചയായ ഉപദ്രവം സഹിക്കാൻ കഴിയാത്തതിനാലും, നിയമനടപടികള്‍ക്കായി തെളിവുകള്‍ ശേഖരിക്കാനുമാണ് വീട്ടില്‍ ഒളിക്യാമറ സ്ഥാപിച്ചതെന്നായിരുന്നു ഭർത്താവിന്റെ വിശദീകരണം. ഈ വിഡിയോ വീണ്ടും വൈറലായതോടെയാണ് ‘പുരുഷന്മാർക്കും നിയമപരമായ സംരക്ഷണം വേണം’ എന്ന ആവശ്യം സമൂഹമാധ്യമങ്ങളില്‍ ശക്തമായത്.
ദൃശ്യങ്ങളില്‍, ഭർത്താവിനെ കിടക്കയിലേക്ക് തള്ളിയിട്ട് ഇരുകൈകളും ഉപയോഗിച്ച് ആക്രമിക്കുന്ന സ്ത്രീയെ കാണാം. സംഭവത്തിനിടെ മറ്റൊരു സ്ത്രീ ഇടപെടാൻ ശ്രമിച്ചെങ്കിലും ആക്രമണം തുടരുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്. കുഞ്ഞുമായി മറ്റൊരു പുരുഷൻ മുറിയിലേക്ക് കടന്നുവരുമ്പോഴും അക്രമം തുടരുന്നതും ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഈ സംഭവത്തെ തുടർന്ന്, ഭാര്യയുടെ പീഡനം ആരോപിച്ച് ആത്മഹത്യ ചെയ്ത അതുല്‍ സുഭാഷ്, മാനവ് ശർമ്മ തുടങ്ങിയവരുടെ പേരുകളും വീണ്ടും ചർച്ചയായി. നിലവിലുള്ള നിയമവ്യവസ്ഥകള്‍ സ്ത്രീകള്‍ക്ക് അനുകൂലമാണെന്നും, അതിന്റെ മറവില്‍ ചിലർ അക്രമം തുടരുന്നുവെന്നും സമൂഹമാധ്യമ ഉപയോക്താക്കള്‍ ആരോപിക്കുന്നു. പുരുഷന്മാർക്കും നിയമപരമായ സംരക്ഷണ സംവിധാനം ആവശ്യമാണെന്ന ആവശ്യവും ഉയരുന്നുണ്ട്.

















