കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയ് ജീവനൊടുക്കിയതില്‍ കൊച്ചിയില്‍ കഴിഞ്ഞ വർഷം അദ്ദേഹം നടത്തിയ ഫ്ളാറ്റ് ഇടപാടുകളിലേക്കും അന്വേഷണം. കൊച്ചിയിലെ 156 ഫ്ളാറ്റുകള്‍ വളരെ വില കുറച്ചുകാട്ടി വിറ്റെന്ന സംശയമാണ് ആദായ നികുതി റെയ്ഡിലേക്ക് നയിച്ചതെന്നു കരുതുന്നു.വിലകുറച്ച് കാണിക്കല്‍, പണമായി നേരിട്ട് വാങ്ങല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ പരിധിയിലുണ്ടെന്നാണ് സൂചന.
ഒരു കോടിയോളം രൂപ വില വരുന്ന ഫ്ളാറ്റുകള്‍ക്ക് 40-50 ലക്ഷം രൂപയാണ് രേഖകളിലുള്ളത്.ഈ ഫ്ളാറ്റ് ഇടപാടുകളെ തുടർന്നാണ് ആദായ നികുതി വകുപ്പ് റോയിക്കും കോണ്‍ഫിഡന്റിനും പിന്നാലെ കൂടിയത്. ഇതിന്റെ ഭാഗമായിരുന്നു നവംബർ, ഡിസംബർ മാസങ്ങളിലെ ബംഗളൂരുവിലെ പരിശോധനകള്‍. വിദേശത്ത് കമ്പനി നടത്തിയ നിക്ഷേപങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങളും അവർ തേടിയിരുന്നു. ഡിജിറ്റല്‍ രേഖകള്‍, ബാങ്ക് വിവരങ്ങള്‍, വില്‍പ്പനക്കരാറുകള്‍ തുടങ്ങിയവ കസ്റ്റഡിയിലെടുത്തിരുന്നു. അനധികൃത പണമിടപാടുകള്‍ കണ്ടെത്തിയാല്‍ ഇ.ഡിയും അന്വേഷണം നടത്താനിടയുണ്ടായിരുന്നു.
ബാങ്ക് വായ്പകളൊന്നുമില്ലാതെ ദുബായില്‍ വമ്പൻ നിക്ഷേപങ്ങള്‍ നടത്തിയതിലും ഏജൻസികള്‍ക്ക് സംശയങ്ങളുണ്ട്. റെയ്ഡുകള്‍ക്കെതിരെ എട്ട് കമ്പനികള്‍ക്ക് വേണ്ടി റോയ് ഹൈക്കോടതിയില്‍ ഡിസംബർ 16ന് ഹർജി നല്‍കിയെങ്കിലും രണ്ടു ദിവസം കഴിഞ്ഞ് പിൻവലിച്ചതിലും ദുരൂഹതയുണ്ട്. ഇതിനെക്കുറിച്ച് മനസിലാക്കാൻ അന്വേഷണസംഘം കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ അഭിഭാഷകരില്‍ നിന്ന് വിവരങ്ങള്‍ തേടിയേക്കും.
ആത്മഹത്യാ കുറിപ്പില്‍ നേതാവിന്റെ പേരും?
മരണത്തിന് തൊട്ടുമുമ്പ് ആരെയൊക്കെ റോയ് വിളിച്ചിരുന്നു എന്നറിയാൻ ഫോണ്‍ കാള്‍ വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്. ഡയറിലെ ഒമ്പതു പേജുകളിലായി എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ പേരുണ്ടെന്ന അഭ്യൂഹവും പരന്നിട്ടുണ്ട്. റോയിക്ക് കടുത്ത മാനസിക വിഷമതകള്‍ ഉണ്ടായിരുന്നോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ജീവനൊടുക്കുന്നതിന് മുമ്പുള്ള ദിനങ്ങളില്‍ ജയനഗറിലെ ഒരു ഡോക്ടറെയും റോയി സന്ദർശിച്ചിരുന്നത്രെ.

















