ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭർത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തം. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ആലപ്പുഴ അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി എസ് ഭാരതിയാണ് ശിക്ഷ വിധിച്ചത്.
2024 മെയ് 18-ന് നടന്ന കൊലപാതകത്തില്‍ എട്ടു മാസത്തിനുള്ളിലാണ് വിധി വന്നത്. അമ്പിളിയുടെ മക്കളുടെ പുനരധിവാസത്തിനായി നഷ്ടപരിഹാര പദ്ധതി പ്രകാരം നടപടി സ്വീകരിക്കാൻ ജില്ലാ നിയമ സഹായ കേന്ദ്രത്തെ കോടതി ചുമതലപ്പെടുത്തി. പള്ളിപ്പുറം തിരുനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്ന അമ്പിളിയെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ പള്ളിപ്പുറം വില്ലേജ് ഓഫീസിന് സമീപം വെച്ച് രാജേഷ് കുമാർ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
രാജേഷിന്റെ അവിഹിത ബന്ധം അമ്പിളി ചോദ്യം ചെയ്തതിലുള്ള പകയാണ് കൊലപാതകത്തിന് കാരണം. സംഭവത്തിന് ഒരാഴ്ച മുൻപ് അമ്പിളിയെയും മകളെയും ഇയാള്‍ ഉപദ്രവിച്ചതിന് പോലീസില്‍ പരാതി നല്‍കിയിരുന്നു.സ്‌കൂട്ടറില്‍ വരികയായിരുന്ന അമ്പിളിയെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം 19 തവണയാണ് പ്രതി കുത്തിയത്. ബാഗിലെ പണം തട്ടിയെടുക്കാൻ ശ്രമിക്കുമ്പോള്‍ തടഞ്ഞ അമ്പിളിയുടെ കരളും വൃക്കയും കുത്തേറ്റ് തകർന്നിരുന്നു.
നേരിട്ട് കണ്ട സാക്ഷികളുടെ മൊഴികളും പ്രതിയുടെ വസ്ത്രത്തിലും ബൈക്കിലും കണ്ടെത്തിയ രക്തക്കറയുള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും ശിക്ഷ ഉറപ്പാക്കുന്നതില്‍ നിർണ്ണായകമായി. പ്രതിക്ക് എതിരെ സ്വന്തം മകള്‍ തന്നെ മൊഴി നല്‍കി എന്നതും കേസില്‍ ശ്രദ്ധേയമായി. ചേർത്തല പോലീസ് ഇൻസ്പെക്ടർ പ്രൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

















