ബലൂചിസ്ഥാനില്‍ വീണ്ടും സായുധപോരാട്ടം ശക്തമാകുന്നു. പ്രദേശത്തെ പ്രബല സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) നടത്തിയ ഏകോപിത ആക്രമണങ്ങളില്‍ 50-ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകള്‍. ഇതില്‍ 17 സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ആരംഭിച്ച ആക്രമണങ്ങള്‍ ശനിയാഴ്ച വരെ നീണ്ടുനിന്നിരുന്നു.. ബലൂചിസ്ഥാനിലെ നുഷ്കിയിലുള്ള ഐഎസ്‌ഐ (ISI) ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു പ്രധാന ആക്രമണം നടന്നത്.

ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ബിഎല്‍എ, ചാവേറുകളായി എത്തിയ രണ്ട് യുവതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഇതില്‍ 24 വയസ്സുകാരിയായ ആസിഫ മെംഗല്‍ ഐഎസ്‌ഐ ആസ്ഥാനത്തിന് നേരെ ചാവേർ ആക്രമണം നടത്തിയതായാണ് വിവരം. 2002 ഒക്ടോബർ 2-ന് നുഷ്കിയില്‍ ജനിച്ച ആസിഫ, തൻ്റെ 21-ാം ജന്മദിനത്തിലാണ് ബിഎല്‍എയുടെ ചാവേർ വിഭാഗമായ ‘മജീദ് ബ്രിഗേഡില്‍’ ചേരുന്നത്. മറ്റൊരു വനിതാ ചാവേറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും, ആക്രമണത്തിന് മുൻപ് പാക് സർക്കാരിനെ പരിഹസിച്ചുകൊണ്ടുള്ള ഇവരുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തോക്കുകളേന്തി ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഇവർ, പാകിസ്താൻ്റെ ശക്തി വെറും അടിച്ചമർത്തപ്പെട്ട സ്ത്രീകളോടും കുട്ടികളോടും മാത്രമാണെന്നും തങ്ങളെ നേരിടാൻ അവർക്ക് ധൈര്യമില്ലെന്നും വീഡിയോയില്‍ പറയുന്നുണ്ട്.ആക്രമണത്തിന് പിന്നാലെ പാകിസ്താൻ സൈന്യം തിരിച്ചടി ആരംഭിച്ചു. നുഷ്കി, ഹബ്ബ്, ചമൻ, ഗ്വാദർ തുടങ്ങിയ മേഖലകളില്‍ നടത്തിയ 40 മണിക്കൂർ നീണ്ട ഓപ്പറേഷനില്‍ 145 ഭീകരരെ വധിച്ചതായി ബലൂചിസ്താൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി അറിയിച്ചു. ‘ഹെറോഫ്’ (കറുത്ത കൊടുങ്കാറ്റ്) എന്ന് പേരിട്ട ഓപ്പറേഷൻ്റെ രണ്ടാം ഘട്ടമാണ് തങ്ങള്‍ നടപ്പിലാക്കിയതെന്നാണ് ബിഎല്‍എയുടെ അവകാശവാദം. സാധാരണ വേഷത്തിലെത്തിയ ഭീകരർ സ്കൂളുകളിലും ആശുപത്രികളിലും ബാങ്കുകളിലും അതിക്രമിച്ചു കയറി വെടിയുതിർക്കുകയായിരുന്നു.

ദശകങ്ങളായി പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ബലൂചിസ്ഥാൻ, രാജ്യത്തെ ഏറ്റവും ദരിദ്രവും എന്നാല്‍ പ്രകൃതിവിഭവങ്ങളാല്‍ സമ്ബന്നവുമായ പ്രവിശ്യയാണ്. തങ്ങളുടെ വിഭവങ്ങള്‍ പാകിസ്താൻ കൊള്ളയടിക്കുന്നു എന്നാരോപിച്ചാണ് ബിഎല്‍എ പോലുള്ള സംഘടനകള്‍ സായുധ പോരാട്ടം നടത്തുന്നത്. അതേസമയം, പാക് സൈന്യത്തിൻ്റെ ക്രൂരമായ അടിച്ചമർത്തലുകളും മനുഷ്യാവകാശ ലംഘനങ്ങളും ബലൂച് ജനതയ്ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. അഫ്ഗാനിസ്ഥാൻ്റെയും ഇന്ത്യയുടെയും അതിർത്തിയോട് ചേർന്നുള്ള ഈ മേഖലയിലെ സംഘർഷം ഏഷ്യയിലെ തന്നെ സുരക്ഷാ സാഹചര്യങ്ങളെ ബാധിക്കുന്ന ഒന്നാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക