തലസ്ഥാനത്ത് വിവിധ മുന്നണികളില്‍ നിന്നും ബിജെപിയിലേക്ക് ഒഴുക്ക് തുടരുന്നു. കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റും സിപിഎം ചെമ്പഴന്തി ലോക്കല്‍ കമ്മറ്റി അംഗവുമായിരുന്ന ആനി അശോകൻ, ഡിവൈഎഫ്‌ഐ ആറ്റിങ്ങല്‍ ബ്ലോക്ക് ട്രഷററും സിപിഎം പൂന്തല്ലൂർ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമായിരുന്ന ഡി. ഹരീഷ്, യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഹിസാൻ ഹുസൈൻ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ബിജെപി അംഗത്വമെടുത്തു.
ഇന്ന് മാരാർജി ഭവനില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നല്‍കി. ഇവരെക്കൂടാതെ ഡിവൈഎഫ്‌ഐ മേഖലാ ജോയിന്‍റ് സെക്രട്ടറി ആയിരുന്ന വി. ദിലീപ്, ഏരിയ കമ്മറ്റി അംഗം അഖില്‍ വേണു, സിപിഎം ബ്രാഞ്ച് അംഗങ്ങളായ ജി. സജു, മുഹമ്മദ് ഷെഫീക്, റാം കുമാർ, ഷമാസ്, സലാഹുദ്ദീൻ, ഐ.ടി. പ്രൊഫഷണലുകളായ അരവിന്ദ്, മീര സുബ്രഹ്മണ്യൻ, അനന്തൻ അനില്‍കുമാർ, വിഷ്ണു പ്രസാദ് തുടങ്ങിയവരും ബിജെപിയില്‍ അംഗത്വമെടുത്തു.വളരെ നിർണായകമായ തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്നും കഴിഞ്ഞ പത്തുവർഷത്തെ ഇടതുഭരണത്തിനെതിരെ പ്രതിഷേധിച്ച് നിരവധി പേരാണ് ബിജെപി യിലേക്ക് പ്രവേശിക്കുന്നതെന്നും ഇവരെ സ്വാഗതം ചെയ്ത് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു.
മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ ആരോപണം ഉന്നയിച്ചതിന് സിപിഎം പുറത്താക്കിയ നേതാവാണ് കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റായിരുന്ന ആനി അശോകൻ. കോർപ്പറേഷനിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ വിഴിഞ്ഞം വാർഡിലെ സ്ഥാനാർഥി നിർണയത്തില്‍ കോവളം എംഎല്‍എ എം. വിന്‍സന്‍റിനെതിരെ കെപിസിസിക്ക് പരാതി നല്‍കിയ ശേഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെച്ച് സ്വതന്ത്രനായി മത്സരിച്ചയാളായിരുന്നു ഹിസാൻ ഹുസൈൻ.





