ട്വന്റി-20 പാർട്ടിയില്‍ വൻ പൊട്ടിത്തെറി. പാർട്ടി എൻഡിഎ മുന്നണിയില്‍ ചേരാൻ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് പ്രമുഖ നേതാക്കളും ജനപ്രതിനിധികളും കൂട്ടത്തോടെ രാജി പ്രഖ്യാപിച്ചു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് റസീന പരീത്, മഴുവന്നൂർ പഞ്ചായത്ത് കോർഡിനേറ്റർ രഞ്ചു പുളിഞ്ചോടൻ, ഐക്കരനാട് പഞ്ചായത്ത് മുൻ മെമ്പർ ജീല്‍ മാവേലി എന്നിവരാണ് പാർട്ടി വിട്ടത്.
രാജിവെച്ചവർ കോണ്‍ഗ്രസില്‍ ചേരുമെന്ന് വ്യക്തമാക്കിയതോടെ കുന്നത്തുനാട് രാഷ്ട്രീയത്തില്‍ പുതിയ ചർച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.ട്വന്റി-20 നേതാക്കള്‍ ബിജെപിയുടെ റിക്രൂട്ടിങ് ഏജന്റുമാരെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് വാർത്താസമ്മേളനത്തില്‍ നേതാക്കള്‍ ആരോപിച്ചു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായാല്‍ ട്വന്റി-20 പിരിച്ചുവിടുമെന്നായിരുന്നു സാബു എം. ജേക്കബിന്റെ മുൻപത്തെ നിലപാടെന്നും അത് ലംഘിക്കപ്പെട്ടുവെന്നും റസീന പരീത് പറഞ്ഞു. പാർട്ടിയുടെ റോയല്‍റ്റി കാർഡ് സർവേയില്‍ ജാതിയും മതവും ചോദിച്ചത് എൻഡിഎ പ്രവേശനത്തിനുള്ള മുന്നൊരുക്കമായിരുന്നോ എന്ന് സംശയമുണ്ടെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
പാർട്ടിക്കുള്ളില്‍ അഭിപ്രായസ്വാതന്ത്ര്യമില്ലെന്ന് കുറ്റപ്പെടുത്തിയ നേതാക്കള്‍, ജനങ്ങള്‍ വോട്ട് ചെയ്തത് ട്വന്റി-20 എന്ന സ്വതന്ത്ര സംഘടനയ്ക്കായിരുന്നുവെന്നും ബിജെപി സഖ്യത്തിനല്ലെന്നും വ്യക്തമാക്കി. ട്വന്റി-20 യുടെ ഈ ചുവടുമാറ്റം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടുതല്‍ പ്രവർത്തകർ വരും ദിവസങ്ങളില്‍ പാർട്ടി വിടുമെന്നും സൂചനയുണ്ട്.

















