സോളാർ കേസില്‍ ഉമ്മൻ ചാണ്ടിയെ ഗണേഷ് കുമാർ വേട്ടയാടിയെന്ന ചാണ്ടി ഉമ്മൻ എംഎല്‍എയുടെ പ്രസ്താവനയ്ക്ക് പിന്നാലെ മുൻ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. തന്നെ ചതിച്ചത് ഉമ്മൻ ചാണ്ടിയാണെന്നും തന്റെ കുടുംബം തകർത്തത് അദ്ദേഹമാണെന്നും ഗണേഷ് കുമാർ ആരോപിച്ചു. മധ്യസ്ഥത വഹിച്ച് തന്റെ കുടുംബം ഇല്ലാതാക്കിയത് ഉമ്മൻ ചാണ്ടിയാണ്. തന്റെ രണ്ട് മക്കള്‍ വേർപിരിയാൻ കാരണമായതും അദ്ദേഹമാണെന്ന് ഗണേഷ് കുമാർ പറഞ്ഞു.
മന്ത്രിസ്ഥാനം മടക്കി നല്‍കാമെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി വഞ്ചിച്ചു. ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നപ്പോള്‍ താൻ ഇതൊന്നും പറഞ്ഞിരുന്നില്ലെന്നും അന്ന് അദ്ദേഹത്തിന് അനുകൂലമായി സിബിഐക്ക് മൊഴി നല്‍കിയിരുന്നതായും മന്ത്രി വെളിപ്പെടുത്തി. രാഷ്ട്രീയമായി സംസാരിക്കുമ്പോള്‍ അന്തസ്സ് വേണമെന്നും വായയില്‍ വിരലിട്ടാല്‍ കടിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. പത്തനാപുരത്തെ വികസനം കാണാൻ ചാണ്ടി ഉമ്മനെ വെല്ലുവിളിച്ച അദ്ദേഹം, പുതുപ്പള്ളിയില്‍ എന്ത് വികസനമാണുള്ളതെന്ന് ചോദിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം പത്തനാപുരത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ചാണ്ടി ഉമ്മൻ ഗണേഷ് കുമാറിനെതിരെ തുറന്നടിച്ചത്.സോളാർ പരാതിക്കാരിയുടെ 18 പേജുള്ള കത്ത് 24 പേജായി മാറിയതിന് പിന്നില്‍ ഗണേഷ് കുമാറാണ്.ഉമ്മൻ ചാണ്ടിയുടെ ‘സിഡി’ തേടി ഗണേഷ് കുമാർ തമിഴ്‌നാട്ടിലും കോയമ്പത്തൂരിലും അലഞ്ഞു.ഉമ്മൻ ചാണ്ടി ആർ. ബാലകൃഷ്ണപിള്ളയോടും കുടുംബത്തോടും കാണിച്ച സ്നേഹം ഗണേഷ് കുമാർ മറന്നു തുടങ്ങിയവയായിരുന്നു ചാണ്ടി ഉമ്മന്റെ ആരോപണങ്ങള്‍.ഈ വിഷയത്തില്‍ കൊട്ടാരക്കര കോടതിയില്‍ നിലനില്‍ക്കുന്ന ഗൂഢാലോചനക്കേസ് തുടരാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കോടതിയില്‍ തോറ്റപ്പോഴാണ് സഭയില്‍ സമരം ചെയ്യുന്നതെന്ന മറുപടിയാണ് ഭരണപക്ഷം ഈ വിഷയത്തില്‍ നല്‍കുന്നത്.
















