മൂന്നാർ സന്ദർശനത്തിനെത്തിയ വിനോദസഞ്ചാരികളെ ജീപ്പ് ഡ്രൈവർമാർ ചേർന്ന് ക്രൂരമായി മർദിച്ചു. പള്ളിവാസല്‍ രണ്ടാം മൈലില്‍ ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നുള്ള 26 അംഗ സംഘത്തിലെ എട്ട് യുവാക്കള്‍ക്കാണ് മർദനമേറ്റത്. പരിക്കേറ്റവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ രണ്ടാം മൈലില്‍ വിശ്രമിക്കാനായി നിർത്തിയപ്പോഴാണ് അനിഷ്ട സംഭവങ്ങളുടെ തുടക്കം. അവിടെ പാർക്ക് ചെയ്തിരുന്ന ഒരു ട്രെക്കിങ് ജീപ്പില്‍ ചാരിനിന്ന് സംഘത്തിലൊരാള്‍ ഫോട്ടോ എടുത്തതിനെ ഡ്രൈവർ ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തിലേക്കും തുടർന്ന് മർദനത്തിലേക്കും നീങ്ങുകയായിരുന്നു. ജീപ്പ് ഉടമയും തുടർന്ന് അവിടെയെത്തിയ മറ്റ് ഡ്രൈവർമാരും ചേർന്നാണ് യുവാക്കളെ ആക്രമിച്ചത്. മർദനത്തില്‍ ഒരു യുവാവിന്റെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിനിടെ തങ്ങളുടെ സ്വർണ്ണമാല നഷ്ടപ്പെട്ടതായും യുവാക്കള്‍ പരാതിപ്പെട്ടു. സംഭവം വിവാദമായതോടെ ഇടുക്കി ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം വെള്ളത്തൂവല്‍ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ആശുപത്രിയിലെത്തി യുവാക്കളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ്, പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.










