രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയ്ക്കെതിരെ നടത്തിയത് ക്രൂരമായ ലൈംഗികാക്രമണം. രാഹുല്‍ യുവതിയെ ക്രൂരമായ ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയും മുഖത്തടിക്കുകയും തുപ്പുകയും ചെയ്തുവെന്നാണ് അതിജീവിതയുടെ മൊഴി. ശരീരത്തില്‍ പലയിടത്തും മുറിവുണ്ടാക്കി. അതിജീവിതയുടെ മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണി മുഴക്കുമെന്നും യുവതി പൊലീസിന് മൊഴി നല്‍കി.
ബന്ധം വേർപെടാതിരിക്കാൻ കുഞ്ഞ് വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടുവെന്നും അതിജീവിത മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ മറ്റാരുടെയെങ്കിലും ഗർഭമായിരിക്കുമെന്ന് പറഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍ അധിക്ഷേപിച്ചു. അങ്ങനെയല്ലെന്ന് തെളിയിക്കാൻ ഭ്രൂണത്തിൻ്റെ ഡിഎൻഎ പരിശോധന നടത്താൻ ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ തയ്യാറായില്ല. ഡിഎൻഎ സാമ്ബിള്‍ എടുക്കാൻ മെഡിക്കല്‍ ഏജൻസി സമീപിച്ചെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ സാമ്ബിള്‍ നല്‍കാൻ തയ്യാറായില്ലെന്നാണ് അതിജീവിത മൊഴി നല്‍കിയിരിക്കുന്നത്.
ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ രാഹുല്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും സാമ്ബത്തികമായി ചൂഷണം ചെയ്തുവെന്നും അതിജീവിത മൊഴിയില്‍ പറയുന്നു. വിവാഹം കഴിക്കാമെന്ന വ്യാജേനയാണ് താനുമായി ബന്ധത്തിലായതെന്നും ഒരു കുഞ്ഞുണ്ടായാല്‍ വിവാഹം വളരെ വേഗത്തില്‍ നടക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും പരാതിക്കാരി മൊഴി നല്‍കിയിട്ടുണ്ട്. നേരില്‍ കാണാൻ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഹോട്ടലിന്റെ പേര് നിർദേശിച്ച് റൂം ബുക്ക് ചെയ്യാൻ യുവതിയോട് ആവശ്യപ്പെട്ടു. റൂമില്‍ എത്തിയ രാഹുല്‍ സംസാരിക്കാൻ പോലും നില്‍ക്കാതെ ശാരീരികമായി കടന്നാക്രമിച്ചു. അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്നുമാണ് യുവതിയുടെ മൊഴി.
മൂന്നാമത്തെ ബലാത്സംഗക്കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലില്‍ എംഎല്‍എയെ അർദ്ധരാത്രി പാലക്കാട് നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ നിന്നും പ്രത്യേക അന്വേഷണ സംഘമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ എടുത്തത്. വനിത പൊലീസ് ഉള്‍പ്പെടേയുള്ള സംഘം രാഹുല്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് രാത്രി 12 മണിയോടെ എത്തുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാർക്കൊപ്പം മുറിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ എംഎല്‍എയെ കസ്റ്റഡിയിലെടുത്ത്. പുതിയ പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിൻറെ നടപടി. ലൈംഗിക പീഡനം, ഗർഭചിദ്രം, സാമ്ബത്തിക ചൂഷണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് രാഹുലിനതിരെ കേസ് എടുത്തിരിക്കുന്നത്.പൊലീസ് കസ്റ്റഡിയില്‍ എടുത്ത രാഹുല്‍ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട എ ആർ ക്യാമ്ബിലെത്തിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 2ല്‍ ഹാജരാക്കും.

















